പയ്യന്നൂര്‍: ഹക്കീം വധക്കേസ് സിബിഐ അന്വേഷണത്തില്‍ സംയുക്ത സമരസമിതിക്ക് അതൃപ്തി. ഇന്നലെ സംയുക്ത സമര സമിതി ചെയര്മാന് സി.കൃഷ്ണന് എംഎല്‍എയും കണ്‍വീനര്‍ ടി.പുരുഷോത്തമനും വിളിച്ചുചേര്‍ത്ത യോഗത്തിലാണു സിബിഐക്കെതിരേ വിമർശനമുയർന്നത്.
രണ്ടുവര്‍ഷമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്നും തലതിരിഞ്ഞ രീതിയിലുള്ള അന്വേഷണമാണു നടക്കുന്നതെന്നും ചര്‍ച്ചയിലുയര്‍ന്നു. പ്രധാന കുറ്റവാളികളെ പിടികൂടിയ ശേഷം അവരെ ചോദ്യം ചെയ്താണു ഗൂഢാലോചനക്കാരുണ്ടെങ്കില് അവരെ പിടികൂടുന്ന പതിവുള്ളത്.
ഹക്കീം വധാന്വേഷണത്തില്‍ നേരെ തിരിച്ചാണു നടന്നത്. ആദ്യം നാലുപേരെ അറസ്റ്റ് ചെയ്ത് ശേഷം അഞ്ചുമാസം പിന്നിട്ടിട്ടും കേസന്വേഷണം ഒരിഞ്ചുപോലും മുന്നോട്ടുപൊകാതെ വഴിമുട്ടി നില്‍ക്കുകയാണെന്നും അഭിപ്രായമുയര്‍ന്നു.
നാലുപേരെ ഗൂഢാലോചനക്കേസില്‍ അറസ്റ്റ് ചെയ്തതു സിബിഐ നടത്തിയ മറ്റൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നും വീണ്ടും സമര രംഗത്തിറങ്ങണമെന്നും വാദമുയര്‍ന്നു. നിയമനടപടികളുമായി മുന്നോട്ടുപോകുന്ന സമരസമിതി നേതൃത്വത്തിനു പിന്തുണ പ്രഖ്യാപിച്ച യോഗത്തില്‍ സമരകാര്യങ്ങള്‍ അടുത്തഘട്ടത്തില്‍ ആലോചിക്കാമെന്നും തീരുമാനമായി.
സി.കൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ ടി.പുരുഷോത്തമന്, ജി.ഡി.നായര്‍, കെ.ദേവി, ടി.സി.വി.ബാലന് തുടങ്ങിയവര്‍ ചര്‍ച്ചയ്ക്കു നേതൃത്വം നല്കി.