പയ്യന്നൂര്‍: ഭര്‍ത്താവിന്റെ ക്രൂരമായ കൊലപാതകം നടന്ന് മൂന്നര വര്‍ഷമായിട്ടും പ്രതികളെ മുഴുവന്‍ പിടികൂടാത്തതെന്തേയെന്ന ചോദ്യവുമായി സീനത്ത്. മതംമാറി മുസ്ലീമാകുകയും പന്നീട് പള്ളി ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടയില്‍ പയ്യന്നൂര്‍ കൊറ്റി ജുമാ മസ്ജിദ് വളപ്പില്‍ അക്രമികള്‍ തല്ലിക്കൊന്ന് അഗ്നിക്കിരയാക്കുകയും ചെയ്ത തെക്കേ മമ്പലത്തെ ഹക്കീമിന്റെ ഭാര്യ സീനത്തിന്റേതാണ് ഈ ചോദ്യം.
കോളിളക്കം സൃഷ്ടിച്ച ഈ കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്തതായി സിബിഐ ഉദ്യോഗസ്ഥര്‍ സീനത്തിനെ അറിയിച്ചിരുന്നു.മറ്റുള്ളവര്‍ ഉടന്‍ പിടിയിലാകുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അറസ്റ്റിനെ തുടര്‍ന്ന് റിമാൻഡിൽ കഴിഞ്ഞിരുന്ന നാല്പേരും സിബിഐ കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്ന് 90 ദിവസത്തിന് ശേഷം ജാമ്യത്തിലിറങ്ങി. ഇതിനു ശേഷം വീണ്ടും ഒരുമാസംകൂടി കഴിഞ്ഞിട്ടും മറ്റുപ്രതികളുടെ അറസ്റ്റ് നടക്കാത്തതിലുള്ള വിഷമത്തിലാണ് സീനത്തിന്റെ ചോദ്യം.
എത്രയും വേഗത്തില്‍ കേസന്വേഷണം പൂര്‍ത്തിയാക്കി മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്ത് ജനങ്ങളെ ബോധ്യപ്പെടുത്തണം.അത് പള്ളിക്കമ്മിറ്റിയായലും വേണ്ടില്ല അമ്പലം കമ്മിറ്റിയായാലും വേണ്ടില്ല ഭര്‍ത്താവിന്റെ കൊലപാതകികളെ കണ്ണില്‍ കാണിച്ചു തരണേയെന്നാണ് അഞ്ചുനേരവും അള്ളാനോടുള്ള പ്രാര്‍ഥനയെന്നും സീനത്ത് രാഷ്ട്രദീപികയോട് പറഞ്ഞു.
2014 ഫെബ്രുവരി ഒമ്പതിന് രാത്രി ഏഴോടെ പള്ളിക്കമ്മിറ്റി യോഗത്തിനായി വീട്ടില്‍ നിന്നിറങ്ങിയ ഭര്‍ത്താവിന്റെ മൃതദേഹംപോലും കാണാന്‍ സീനത്തിന് സാധിച്ചിരുന്നില്ല. തലയോടുള്പ്പെടെയുള്ള 14 കിലോയോളം തൂക്കം വരുന്ന അസ്ഥികള്‍ മാത്രമാണ് അഗ്നിക്കിരയാക്കിയ പള്ളിവളപ്പില്നിന്നും ഹക്കീമിന്റെ അവശേഷിപ്പായി പോലീസിന് കിട്ടിയത്. മൂന്നരവര്‍ഷമായിട്ടും ഭര്‍ത്താവിന്റെ ഘാതകരെ പിടികൂടാനാകാത്തതിലുള്ള മനോവേദനയിലാണ് സീനത്ത്.
അദ്ധ്വാനിച്ചുണ്ടാക്കിയ തെക്കേ മമ്പലത്തെ സ്വന്തം വീട്ടില്‍ സീനത്തിനും മകന് ഫാരിസിനും കൂട്ടുണ്ടായിരുന്നത് ഹക്കീമിന്റെ വേര്‍പാടിന്റെ ഹൃദയം പിളര്‍ക്കുന്ന വേദനകളായിരുന്നു.കേസ് തെളിയാത്തതിലുള്ള വിഷമം മൂലം ഈ വീട്പൂട്ടി സീനത്തും മകനും ഇപ്പോള്‍ പരപ്പനങ്ങാടിയിലുള്ള സഹോദരന് അക്ബര്‍ ഹാജിയുടെ വീട്ടിലാണ് താമസം. സഹോദരന് ഭാരമാകാതിരിക്കാന്‍ കൂലിപ്പണിക്ക് പോകുകയാണ് സീനത്ത്.