ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ ഔദ്യോഗിക ഇ-മെയിലുകള്‍ ചോര്‍ത്താന്‍ പദ്ധതിയിട്ട് ഹാക്കര്‍ ഗ്രൂപ്പായ ലീജിയന്. പത്യേക മെസഞ്ചറിലൂടെ വാഷിംഗ്ടണ്‍ പോസ്റ്റിന് നല്കിയ അഭിമുഖത്തിലാണ് ലീജിയന് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇന്ത്യയിലെ ബാങ്കുകളുടെ സെര്‍വറുകള്‍ എളുപ്പത്തില്‍ ഹാക്ക് ചെയ്യാന്‍ സാധിക്കുന്നതാണെന്നും ഇവര്‍ പറഞ്ഞു.
ചെന്നൈ അപ്പോളോ ആശുപത്രിയിലെ സെര്‍വറിലെ വിവരങ്ങള്‍ ഹാക്ക് ചെയ്തതായും ഇവര്‍ അവകാശപ്പെട്ടു. ജയലളിതയുടെ ചികിത്സയുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ഹാക്കര്‍മാര്‍ പറഞ്ഞു. തങ്ങള്‍ ചോര്‍ത്തിയെടുത്തിട്ടുള്ള വിവരങ്ങള്‍ പുറത്തുവിട്ടാല്‍ ഇന്ത്യയില്‍ കലാപമുണ്ടാകുമെന്നും ലീജിയണ്‍ പറയുന്നു. രാജ്യത്തെ കുറ്റവാളികളുടെ രഹസ്യ നീക്കങ്ങള്‍ പുറത്തു കൊണ്ടുവരുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ള ഹാക്കര്‍ സംഘം രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ ട്വിറ്റര്‍ അക്കൗണ്ട് ചോര്‍ത്തി നിരവധി രഹസ്യ വിവരങ്ങളും പുറത്തു വിട്ടിരുന്നു.
രാഹുല്‍ ഗാന്ധി, എന്‍ഡിടിവിയിലെ രണ്ടു റിപ്പോര്‍ട്ടര്‍മാര്‍ എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളും ഇവര്‍ ഹാക്ക് ചെയ്തിരുന്നു. ലീജിയന് ഗ്രൂപ്പിലെ ഡല്‍ഹിയിലുള്ള അംഗവുമായാണ് വാഷിംഗ്ടണ്‍ പോസ്റ്റ് ചാറ്റ് ചെയ്തത്. വൈകാതെ താന്‍ ഇന്ത്യയില്‍ നിന്നു റഷ്യയിലേക്കു പോകുമെന്നും ഹാക്കര്‍ വെളിപ്പെടുത്തിയതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.