കട്ടപ്പന: കന്പ്യൂട്ടർ ഹാക്കർമാർ തട്ടിപ്പിന്റെ പുതിയ മേഖലയിലേക്കു കടന്നു. ഫോട്ടോ സ്റ്റുഡിയോകളെയാണ് ഇത്തവണ ഉന്നമിട്ടിരിക്കുന്നത്. സ്റ്റുഡിയോകളിലെ കന്പ്യൂട്ടറുകൾ ഹാക്കുചെയ്ത് അതിലെ ചിത്രങ്ങൾ തട്ടിയെടുത്ത് വിലപേശുന്ന പുതിയ തന്ത്രവുമായാണ് ഹാക്കർമാർ രംഗത്തെത്തിയിരിക്കുന്നത്.
ഹൈറേഞ്ചിലെ ഒരു സ്റ്റുഡിയോയിലെ എട്ടു കന്പ്യൂട്ടറുകൾ ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ടു. ഒരു വീഡിയോ ഡൗണ്‍ലോഡ് ചെയ്യുന്നതിനിടെ വന്ന വിൻഡോ ക്ലോസ് ചെയ്തപ്പോൾ വൈറസ് കന്പ്യൂട്ടറിൽ കയറുകയായിരുന്നു. കന്പ്യൂട്ടറിലെ മുഴുവൻ ചിത്രങ്ങളുടെ വിവരങ്ങളും പുതിയ ഗൂഗിൾ ക്രോം വിൻഡോയിലൂടെ തെളിഞ്ഞുവന്നു.
ഉടൻതന്നെ ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ചശേഷം കന്പ്യൂട്ടറിലെ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ ഒന്നുപോലും ഓപ്പണ്‍ ആകുന്നില്ല. വീണ്ടും ഇന്റർനെറ്റ് കണക്ഷൻ പുനഃസ്ഥാപിച്ചപ്പോൾ ചിത്രങ്ങൾ തിരികെ നൽകണമെങ്കിൽ ലക്ഷങ്ങൾ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ വന്നുതുടങ്ങി. 72 മണിക്കൂറിനുള്ളിൽ 750 യുഎസ് ഡോളർ നൽകണമെന്നും വൈകിയാൽ ലക്ഷങ്ങളുടെ വർധനയുണ്ടാകുമെന്നുമുള്ള സന്ദേശങ്ങളും പിന്നാലെ എത്തി.
വിവാഹം, മൃതസംസ്കാര ചടങ്ങുകൾ ഉൾപ്പെടെയുള്ള ചിത്രങ്ങളും പാസ്പോർട്ട് സൈസ് ചിത്രങ്ങളും കന്പ്യൂട്ടറിലുണ്ടായിരുന്നു. ഇവയാണ് ഹാക്കർമാർ തട്ടിയെടുത്തത്. റീ ഷൂട്ടു ചെയ്യാനാകാത്തതും ഭാവിയിൽ ഉപകരിക്കേണ്ടതുമായ ഫയലുകൾ നഷ്ടമാകുന്ന സാഹചര്യമാണ്. ഇതു മുതലെടുത്താണ് ഹാക്കർമാർ പണംതട്ടാൻ ശ്രമിക്കുന്നത്. ഹാക്കർമാരുടെ ആക്രമണത്തിനിരയായ കന്പ്യൂട്ടറുകളിൽനിന്നും ഫയലുകൾ തിരിച്ചെടുക്കാനുള്ള ശ്രമം തുടരുകയാണ്.
ഫയൽ ഡൗണ്‍ലോഡ് ചെയ്യുന്പോൾ ചില ആകർഷണീയമായ വിൻഡോകൾ പ്രത്യക്ഷപ്പെടും. ഇതു ക്ലോസ് ചെയ്താലും കന്പ്യൂട്ടർ ഹാക്ക് ചെയ്യപ്പെടുന്ന സ്ഥിതിയാണ്. കേരളത്തിൽ പലസ്ഥലങ്ങളിലും ഇത്തരത്തിൽ സ്റ്റുഡിയോകളിലെ കന്പ്യൂട്ടറുകൾ ഹാക്കർമാർ ആക്രമിച്ചതായി വിവരമുണ്ട്.
കന്പ്യൂട്ടർ കൈകാര്യം ചെയ്യുന്പോൾ ഹാക്കർമാരുടെ ആക്രമണമുണ്ടാകാൻ സാധ്യതയുള്ളതായി ഫോട്ടോഗ്രഫേഴ്സ് അസോസിയേഷനും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.