മാംസവും മാംസ ഉല്പ്പന്നങ്ങളും ഹലാല് സര്ട്ടിഫിക്കറ്റ് നല്കി കയറ്റുമതി ചെയ്യുന്നതിനുള്ള പുതിയ മാര്ഗനിര്ദേശങ്ങള് പുറത്തിറക്കി കേന്ദ്ര സര്ക്കാര്.
ക്വാളിറ്റി കൗണ്സില് ഓഫ് ഇന്ത്യയുടെ അംഗീകൃത ബോഡി നല്കുന്ന സര്ട്ടിഫിക്കറ്റ് ഉള്ള സ്ഥാപനങ്ങളില് ഉത്പാദിപ്പിക്കുകയും പാക്ക് ചെയ്യുകയും ചെയ്ത മാംസ ഉല്പ്പന്നങ്ങള് മാത്രമേ ഹലാല് സര്ട്ടിഫിക്കറ്റോടു കൂടി കയറ്റുമതി ചെയ്യാന് അനുവാദമുള്ളൂ.
വാണിജ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഹലാല് നിയന്ത്രണമുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോള് രാജ്യത്തിന്റെ ആവശ്യകതകള് നിറവേറ്റേണ്ട ബാധ്യത കയറ്റുമതിക്കാര്, നിര്മ്മാതാവ്, വിതരണക്കാര് എന്നിവര്ക്കുണ്ട്.
കൂടാതെ ഈ വര്ഷം ജനുവരിയില് ഇന്ത്യയില് നിന്നുള്ള മാംസവും മാംസ ഉല്പ്പന്നങ്ങളും കയറ്റുമതി ചെയ്യുന്നതിനുള്ള ഹലാല് സര്ട്ടിഫിക്കേഷന് പ്രക്രിയ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ ഹലാല് സര്ട്ടിഫിക്കേഷന് സംബന്ധിച്ച കരട് മാര്ഗ്ഗനിര്ദേശങ്ങള് ഡയറക്ടറേറ്റ് ജനറല് ഓഫ് ഫോറിന് ട്രേഡ് (ഡിജിഎഫ്ടി ) സര്ക്കാരിനോട് നിര്ദ്ദേശിച്ചിരുന്നു.
കയറ്റുമതിയും ഇറക്കുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് കൈകാര്യം ചെയ്യുന്ന മന്ത്രാലയത്തിന്റെ ഒരു വിഭാഗമാണ് ഡിജിഎഫ്ടി.
ഹലാല് സര്ട്ടിഫിക്കേഷന് പ്രക്രിയയ്ക്കുള്ള നയ വ്യവസ്ഥകളും മാര്ഗനിര്ദ്ദേശത്തില് നല്കിയിട്ടുണ്ടെന്നും ഡിജിഎഫ്ടി വിജ്ഞാപനത്തില് വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ നിലവിലുള്ള എല്ലാ ഹലാല് സര്ട്ടിഫിക്കേഷന് ബോഡികള്ക്കും നാഷണല് അക്രഡിറ്റേഷന് ബോര്ഡ് ഫോര് സര്ട്ടിഫിക്കേഷന് ബോഡിയില് നിന്ന് അംഗീകാരം ലഭിക്കുന്നതിന് ആറുമാസത്തെ സമയപരിധിയും അനുവദിച്ചിട്ടുണ്ട്.
പുറത്തിറക്കിയ വിജ്ഞാപനത്തിന് കീഴില് പോത്തിറച്ചി, മത്സ്യം, ചെമ്മരിയാടുകളുടെയും കോലാടുകളുടെയും മാംസം, സോസേജുകള്, മാംസത്തിന്റെ മറ്റു ഉല്പ്പന്നങ്ങള് എന്നിവയും ഉള്പ്പെടും.
2021 ല് ആഗോള ഹലാല് ഫുഡ് മാര്ക്കറ്റ് 1978 യു എസ് ബില്യണ് ഡോളറിലെത്തിയിരുന്നു. ഇനി 2027 ഓടെ ഈ വിപണി 3,907.7 ഡോളറിലെത്തും എന്നാണ് പ്രതീക്ഷ.
അതേസമയം ഇതിലൂടെ മുസ്ലിം ഹലാല് അധിഷ്ഠിത സംരംഭകര്ക്ക് വലിയ അവസരങ്ങള് പ്രതിനിധീകരിക്കുമെന്നും പറയുന്നു.
എന്നാല് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഹലാല് മാംസ ഉള്പ്പന്നങ്ങള്ക്ക് ഇതുവരെ പ്രത്യേക ലേബലിംഗ് ആവശ്യകതകള് ഒന്നും ഏര്പ്പെടുത്തിയിട്ടില്ല.
കൂടാതെ നിലവില് ഇന്ത്യയിലെ പല സ്വകാര്യ കമ്പനികളും ഹലാല് സര്ട്ടിഫിക്കേഷന് നല്കുന്നുണ്ട്. ഹലാല് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജമിയത്ത് ഉലമ ഇ ഹിന്ദ് ഹലാല് ട്രസ്റ്റ് എന്നിവയാണ് ഇന്ത്യയിലെ പ്രധാന ഹലാല് സാക്ഷ്യപ്പെടുത്തുന്ന സ്ഥാപനങ്ങള്.
ഇവരാണ് ഇന്ത്യയിലെ സ്ഥാപനങ്ങള്ക്ക് ഹലാല് സര്ട്ടിഫിക്കേഷനും നല്കുന്നത്. ഇന്ത്യോനേഷ്യ, മലേഷ്യ, തായ്ലന്ഡ്, ഫിലിപ്പീന്സ്, യുഎഇ, പാകിസ്ഥാന് എന്നിവ ഉള്പ്പെടെയുള്ള രാജ്യങ്ങള്ക്ക് അവരുടേതായ ഹലാല് മാനദണ്ഡങ്ങള് നിലനില്ക്കുന്നുണ്ട്.
എന്നിരുന്നാലും ഇതുവരെ ആഗോള ഹലാല് മാനദണ്ഡങ്ങളൊന്നും ഉണ്ടായിട്ടില്ല. മുന്പ് മുസ്ലിം സ്ഥാപനങ്ങളില് മാത്രം നിലനിന്നിരുന്ന ഹലാല് സര്ട്ടിഫിക്കേഷന് ബോര്ഡാണ് ഇപ്പോള് മറ്റ് സ്ഥാപനങ്ങളിലും എത്തിനില്ക്കുന്നത്.