കൊച്ചി: ഹലാല്‍ ഭക്ഷണം ലഭിക്കുമെന്ന ബേക്കറിയിലെ സ്റ്റിക്കര്‍ നീക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ആലുവ വട്ടപ്പറമ്പ് സ്വദേശികളായ ധനേഷ് പ്രഭാകരന്, അരുണ്‍ അരവിന്ദ്, സുജയ് സുബ്രഹ്മണ്യന്, കുറുമശേരി സ്വദേശി ടി.എ. ലെനിന് എന്നിവര്‍ക്കു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
ഇവരെ അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള് ജാമ്യവും വ്യവസ്ഥ ചെയ്തു വിട്ടയക്കണമെന്നു സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ഡിസംബര്‍ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലുവ കുറുമശേരി ജംഗ്ഷനിലെ മോഡി ബേക്കറിയില്‍ ഹലാല്‍ ഭക്ഷണം ലഭിക്കുമെന്ന സ്റ്റിക്കര്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണു പോലീസ് കേസ് എടുത്തത്.
ഏഴു ദിവസത്തിനകം സ്റ്റിക്കര്‍ നീക്കിയില്ലെങ്കില്‍ ബേക്കറി ബഹിഷ്കരിക്കുമെന്നും പ്രതിഷേധം സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി ഹിന്ദു ഐക്യവേദിയുടെ ലെറ്റര്‍ പാഡില്‍ കത്തു നല്‍കിയെന്നും പരാതിയില്‍ പറയുന്നു.
സംഭവത്തെത്തുടര്‍ന്നു ബേക്കറിയുടമ സ്റ്റിക്കര്‍ നീക്കം ചെയ്തെങ്കിലും പോലീസില്‍ പരാതി നല്കി. കലാപമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് പ്രകോപനം സൃഷ്ടിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തു.
എന്നാല്‍ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമം, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കൂടുതല്‍ ഗൗരവമേറിയ കുറ്റങ്ങള്‍ ചുമത്താനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണു ഹര്‍ജിക്കാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.