ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എർലിംഗ് ഹാലൻഡിന്റെ തുടർച്ചയായ രണ്ടാം ഹാട്രിക്കിൽ മാഞ്ചസ്റ്റർ സിറ്റിക്കു ജയം. സിറ്റി 3-1ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ പരാജയപ്പെടുത്തി. ലീഗ് സീസണ് ആരംഭിച്ചശേഷം സിറ്റി നേടുന്ന തുടർച്ചയായ മൂന്നാം ജയമാണ്. 10, 30, 85 മിനിറ്റുകളിലാണ് ഹാലൻഡ് വലകുലുക്കിയത്.
മത്സരത്തിന്റെ തുടക്കത്തിൽ ഗോൾ നേടാൻ ലഭിച്ച അവസരം ഹാലൻഡ് നഷ്ടമാക്കി. എന്നാൽ രണ്ടാം തവണ നോർവീജിയൻ താരം ബെർണാർഡോ സിൽവ നല്കിയ പാസിൽ ഗോൾ നേടി. 18-ാം മിനിറ്റിൽ റൂബൻ ഡിയസിന്റെ ഓണ്‍ ഗോൾ വെസ്റ്റ് ഹാമിനു സമനില നൽകി. 30-ാം മിനിറ്റിൽ ഹാലൻഡ് സിറ്റിയുടെ ലീഡ് തിരിച്ചുപിടിച്ചു. 85-ാം മിനിറ്റിൽ ഹാലൻഡ് ഹാട്രിക് തികച്ചു. ഈ സീസണിൽ മൂന്നു മത്സരങ്ങളിൽനിന്ന് നോർവീജിയൻ താരം നേടുന്ന ഏഴാമത്തെ ഗോളാണ്.
സമനില കുരുക്കിൽ ചെൽസി
തുടർച്ചയായ രണ്ടാം ജയം മോഹിച്ച ചെൽസിയെ ക്രിസ്റ്റൽ പാലസ് സമനിലയിൽ കുരുക്കി. 25-ാം മിനിറ്റിൽ നികോളസ് ജാക്സണിന്റെ ഗോളിൽ ചെൽസി സ്വന്തം കളത്തിൽ മുന്നിലെത്തി. ചെൽസിയുടെ കണക്കുകൂട്ടൽ തെറ്റിച്ച് 53-ാം മിനിറ്റിൽ എബെറെച്ചി എസെ പാലസിനു സമനില നൽകി.
മറ്റൊരു മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡ് 2-1ന് ടോട്ടൻഹാമിനെ പരാജയപ്പെടുത്തി. അലക്സാണ്ടർ ഇസാകാണ് ന്യൂകാസിലിന്റെ വിജയഗോൾ നേടിയത്. ഹാർവി ബർനസ് (37’) ന്യൂകാസിലിനെ മുന്നിലെത്തിച്ചു. 56-ാം മിനിറ്റിൽ ഡാൻ ബേണിന്റെ ഓണ്‍ഗോൾ ടോട്ടനത്തിനു സമനില നൽകി. 78-ാം മിനിറ്റിൽ ഇസാക് ന്യൂകാസിലിന്റെ വിജയഗോൾ നേടി.
മറ്റ് മത്സരങ്ങളിൽ അത്ലറ്റിക്കോ മാഡ്രിഡ് 1-0ന് അത്ലറ്റിക് ക്ലബ്ബിനെയും എസ്പാനിയോൾ 2-1ന് റയോ വയ്യക്കാനോയെയും മയ്യോർക്ക 1-0ന് ലെഗനെസിനെയും പരാജയപ്പെടുത്തി.