മുംബൈ: ഹൽദി ചടങ്ങിനിടെ നവവരന്റെ തലയിലൂടെ “മദ്യാഭിഷേകം’ നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്കിടയാക്കി. ഇത് എന്തുതരം ആചാരമാണെന്നു ചോദിച്ചാണു സോഷ്യൽ മീഡിയ കുറ്റപ്പെടുത്തിയത്. ആചാരപ്രകാരം മഞ്ഞൾ, പാൽ, വെള്ളം എന്നിവയാണ് അഭിഷേകത്തിന് ഉപയോഗിക്കുന്നത്. ഇതിനു പകരമായിരുന്നു മദ്യാഭിഷേകം.
“പരന്പരാഗത ഇന്ത്യൻ വിവാഹാചാരങ്ങളുടെ ഇന്മൂലനം’ എന്ന വാചകത്തോടെ റോസി എന്ന എക്സ് അക്കൗണ്ടിലാണ് വിവാദ ഹൽദി വീഡിയോ പ്രത്യക്ഷപ്പെട്ടത്. ചടങ്ങിൽ വരൻ വലിയൊരു തളികയിലിരിക്കുന്നതും വരന്റെ ശിരസിലൂടെ സുഹൃത്തുക്കൾ മദ്യക്കുപ്പികൾ തുറന്ന് ഒഴിക്കുന്നതും കാണാം. ബിയർ, വൈൻ, വോഡ്ക തുടങ്ങി വിവിധങ്ങളായ ലഹരിപാനീയങ്ങളാണ് യുവാവിന്റെ തലയിലേക്കു സുഹൃത്തുക്കൾ ഒഴിക്കുന്നത്.
തലയിലൂടെ ഒഴുകിവരുന്ന മദ്യം കൈക്കുന്പിളിൽ ശേഖരിച്ച് യുവാവ് കുടിക്കുന്നതും ലഹരിയിൽ ലക്കുകെട്ട സുഹൃത്തുക്കൾക്കൊപ്പം പാടുന്നതും നൃത്തം ചെയ്യുന്നതും വീഡിയോയിലുണ്ട്. പവിത്രമായി കാണേണ്ട ചടങ്ങിൽ മദ്യവർഷം നടത്തിയത് വരന്റെയും വധുവിന്റെയും ബന്ധുക്കളിലും അതൃപ്തിയുണ്ടാക്കി.