വളരെ സുന്ദരമായി പൊയ്ക്കൊണ്ടിരുന്ന ജീവിതം വളരെ പെട്ടെന്നാണ് ഹാലി ടെന്നന്റിന് ദുരന്തമായി മാറിയത്.
സ്വന്തം രൂപം പോലും തിരിച്ചറിയാൻ കഴിയാത്ത തരത്തിലുള്ള അവസ്ഥയിൽ എത്തിപ്പെട്ട അവൾ പക്ഷേ, തോൽക്കാൻ തയാറായില്ല. മുഖമല്ല മറിച്ച് അതിലെ ജീവിതമാണ് വലുതെന്നു തെളിയിക്കാനായുള്ള പോരാട്ടത്തിലാണവൾ.
യാത്രയ്ക്കിടയിലെ ഒരു ക്യാന്പിൽ പങ്കെടുത്തതു മാത്രമേ പ്രൈമറി സ്കൂൾ അധ്യാപികയായ ഹാലിക്ക് (29) ഓർമയുള്ളു. പിന്നീട് അവൾ എഴുന്നേൽക്കുന്നത് ആശുപത്രിയിലാണ്.
മുഖത്താകട്ടെ വലിയൊരു കെട്ടും. ആ കെട്ട് തുറന്നുനോക്കിയപ്പോൾ ഹാലി തന്നെ ഭയന്നു പോയി. കാരണം അത്രയ്ക്കു ഭീകരമായിരുന്നു അവളുടെ മുഖം.
സ്വയം തിരിച്ചറിയാൻ പോലും പറ്റാത്ത അവസ്ഥ. ക്യാന്പിലെ തീക്കൂനയിൽ വീണതിനെ തുടർന്നു മുഖം മുഴുവൻ കത്തിക്കരിഞ്ഞ അവസ്ഥയിലായിരുന്നു ഹാലി.എട്ടു ദിവസമാണ് അവൾ കോമയിൽ ആശുപത്രിയിൽ കിടന്നത്.
പിരിയില്ല ഞാൻ…
കത്തിക്കരിഞ്ഞു സ്വയം തിരിച്ചറിയാൻ പോലും പറ്റാത്ത ഹാലിക്ക് ഭർത്താവിനെക്കുറിച്ചോർത്തപ്പോൾ വിഷമം തോന്നി. അവൾ പറഞ്ഞു: “ ഞാൻ നിർബന്ധിക്കില്ല എന്റെ ഒപ്പം നിൽക്കാൻ.
ഇതു താങ്ങാവുന്നതിലേറെയാണെങ്കിൽ നിങ്ങൾക്കു പോകാം”. ഹൃദയം തകർന്നാണ് ഹാലി ഭർത്താവായ മാത്യുവിനോടു തന്നെ ഉപേക്ഷിച്ചു വേണമെങ്കിൽ പൊയ്ക്കൊള്ളാൻ പറഞ്ഞത്. പക്ഷേ, ഇതിനു മാത്യു നൽകിയ മറുപടി ഇതായിരുന്നു.
“ഇല്ല, ഞാൻ നിന്നെ ഒരിക്കലും പിരിഞ്ഞുപോകില്ല, നീ ഏത് അവസ്ഥയിലാണെങ്കിലും ഞാൻ നിന്നെ സ്നേഹിക്കുന്നു.’- നിറസ്നേഹത്തിന്റെ ആത്മാർഥ നിമിഷം.
അവളുടെ കൈയിൽ പിടിച്ചു മാത്യു ശപഥം ചെയ്തു. കത്തിക്കരിഞ്ഞ് ജീവൻ നഷ്ടപ്പെടുമെന്ന അവസ്ഥയിൽ ആശുപത്രിയിലെ ഐസിയുവിൽ കഴിഞ്ഞ ഹാലിക്കു ജീവിതത്തിലേക്കു തിരികെയെത്താനുള്ള ഏറ്റവും വലിയ മരുന്നായിരുന്നു ഭർത്താവിന്റെ ഈ വാക്കുകൾ.
ഓസ്ട്രേലിയൻ മാഗസീനായ ദാറ്റ്സ് ലൈഫിന് നൽകിയ അഭിമുഖത്തിലാണ് ഹാലി തനിക്കുണ്ടായ ഈ ദുരന്തത്തെക്കുറിച്ചു പറഞ്ഞത്.
ആ രാത്രിയിൽ സംഭവിച്ചത്…
ഓസ്ട്രേലിയയിലെ വിക്ടോറിയ സ്വദേശിനിയായ ഹാലി ഗർഭം അലസുന്നതിനെത്തുടർന്നുള്ള വിഷമതകൾ മാറ്റാനായാണ് സുഹൃത്തായ കെൻസിക്കൊപ്പം യാത്ര നടത്തിയത്. യാത്രയ്ക്കിടയിൽ രാത്രി അവർ തങ്ങിയ ഒരു ക്യാന്പിൽ വച്ചാണ് അപകടം.
ആരോ അലറി വിളിക്കുന്ന ഒരു ശബ്ദം കേട്ടാണ് കെൻസി ഉണരുന്നത്. എന്താണെന്ന് അറിയാൻ ക്യാന്പിന്റെ പുറത്തിറങ്ങി നോക്കിയപ്പോൾ തണുപ്പകറ്റുന്നതിനായി കത്തിച്ച തീക്കൂനയിൽ കിടന്നു നിലവിളിക്കുന്ന ഹാലിയെ ആണ് കെൻസി കാണുന്നത്.
ഞെട്ടിപ്പോയ കെൻസി ഉടൻതന്നെ ഹാലിയെ തീക്കുനയ്ക്കു പുറത്തേക്കു വലിച്ചിട്ടു. അപ്പോഴേക്കും ബോധമറ്റ നിലയിലായിരുന്നു ഹാലി. മുഖം മുഴുവൻ കത്തിക്കരിഞ്ഞ അവസ്ഥ. ഉടൻതന്നെ തണുത്ത വെള്ളമെടുത്തു കെൻസി ഹാലിയുടെ മുഖത്തൊഴിച്ചു.
അബോധാവസ്ഥയിൽ വെള്ളം മുഖത്തു വീണപ്പോഴും ഒരു ഞരക്കം മാത്രമായിരുന്നു ഹാലിയിൽനിന്നുണ്ടായത്. തുടർന്നു ഹാലിയുടെ ഭർത്താവ് മാത്യുവിനെയും ആശുപത്രിയിലും വിവരം അറിയിച്ചു.
വേഗത്തിൽ തന്നെ മാത്യു സ്ഥലത്തെത്തി. ആംബുലൻസ് എത്തിയ ഉടൻ തന്നെ മെൽബണിലെ ആൽഫ്രഡ് ഹോസ്പിറ്റലിലെ ഐസിയുവിലേക്ക് ഹാലിയെ മാറ്റി.
എങ്ങനെ തീക്കൂനയിൽ വീണു എന്നതിനെക്കുറിച്ച് ഹാലിക്ക് ഇപ്പോഴും ഓർമയില്ല. ക്യാന്പിൽനിന്നു തീ കായുന്നതിനായി കസേരയെടുത്തിട്ട് ഇരിക്കുന്നതിനിടെ ഉറങ്ങി തീക്കൂനയിലേക്കു വീണതാകാമെന്നാണു കരുതുന്നത്.
നീണ്ട ചികിത്സ…
ആശുപത്രിയിലെ നീണ്ട ചികിത്സയും നിരവധി ശസ്ത്രക്രിയകളും ചർമം മാറ്റിവയ്ക്കലുമെല്ലാം അവളെ പതിയെ ജീവിതത്തിലേക്കു തിരിച്ചെത്തിച്ചു.
ജീവൻ തിരിച്ചുകിട്ടിയെങ്കിലും പൊള്ളലേറ്റ മുഖവുമായി സമൂഹത്തിൽ എങ്ങനെ ജീവിക്കും, മറ്റുള്ളവർ എങ്ങനെയാണ് തന്നെ നോക്കിക്കാണുക എന്നിങ്ങനെയുള്ള ചിന്ത ഹാലിയെ അലട്ടിക്കൊണ്ടിരുന്നു.
ഹാലി പറഞ്ഞു: “ഒരാളെ തിരിച്ചറിയുന്നതിൽ അയാളുടെ മുഖവും അതിന്റെ സവിശേഷതകളും പ്രധാനമാണ്”. “നിങ്ങൾ ആരാണെന്ന് അറിയാത്തത് ഒരു വിഷമകരമായ കാര്യമാണ്.”
യാഥാർഥ്യത്തോടു പൊരുത്തപ്പെടാൻ ഹാലി തുടക്കത്തിൽ ഏറെ ബുദ്ധിമുട്ടി. പതിയെ പതിയെ അവൾ ജീവിതത്തെ നേരിടാൻ കരുത്താർജിച്ചു.
ക്രൂരമായ വാക്കുകൾ…
മരണത്തിൽനിന്ന് ജീവിതത്തിലേക്കു തിരിച്ചെത്തിയെങ്കിലും അതിലും ശ്രമകരമായിരുന്നു ഹാലിക്കു സമൂഹത്തിൽ ജീവിക്കുക എന്നത്.
തന്റെ രൂപത്തെക്കുറിച്ചു ക്രൂമായ രീതിയിലുള്ള കമന്റുകളാണ് ഹാലിക്കു കേൾക്കേണ്ടിവന്നത്. ഒരാൾ ഹാലിയുടെ രൂപം കണ്ടിട്ട് “നിങ്ങൾ ഒരു സോമ്പിയെപ്പോലെയുണ്ട് എന്നാണ് പറഞ്ഞത്.
പക്ഷേ ഇത് കേട്ട് തളർന്നിരിക്കാൻ ഹാലി ഒരുക്കമായിരുന്നില്ല. തന്റെ അധ്യാപക ജോലിയിലേക്ക് മടങ്ങാനും അതു തുടരാനും ഹാലി തീരുമാനമെടുത്തു.
തനിക്കുണ്ടായ ദുരന്തത്തെ ഹാലി കാണുന്നത് ഇങ്ങനെയാണ്: “എന്റെ അപകടത്തെ എന്നെത്തന്നെ ഉണർത്താനായുള്ള വിളിയായാണ് കരുതുന്നത്. മികച്ചതു ചെയ്യാനുള്ള രണ്ടാമത്തെ അവസരം. അതു കൂടുതൽ മികച്ചതാക്കാനുള്ള ശ്രമത്തിലാണ് ഞാനിപ്പോൾ.