ചേര്‍ത്തല: അങ്ങു ദൂരെ അമേരിക്കയിലിരുന്ന് ബോണ്ട് ഗേള്‍ ഹാലി ബെറി കേട്ടു കേരളം എന്ന സുന്ദരമായ നാടിനെക്കുറിച്ച്. അമേരിക്കയിലെയോ ബ്രിട്ടനിലെയോ തെരുവുകളില്‍ കൂടി ഹാലിബെറിക്ക് അത്ര എളുപ്പം നടന്നു നീങ്ങാനാവില്ല. ആരാധകര്‍ വളയുമെന്നതു തന്നെ കാരണം. എന്നാല്‍ പാപ്പരാസികളുടെ കണ്ണിലുണ്ണിയായ താരം ഇന്ത്യയിലെത്തിയത് അധികമാരും അറിഞ്ഞില്ല. ദൈവത്തിന്റെ സ്വന്തം നാടായ ആലപ്പുഴയിലും നടി വന്നു പോയി. ഓസ്‌ക്കാര്‍ അവാര്‍ഡ് ജേത്രി കൂടിയായ ഹാലി ബെറി കേരളത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് കേട്ടറിഞ്ഞാണ് ഇവിടെ എത്തിയത്.
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയിലായിരുന്നു രണ്ടുദിവസത്തെ സന്ദര്‍ശനം. സ്വകാര്യ സന്ദര്‍ശനത്തിന് അമേരിക്കയില്‍നിന്ന് ഇന്ത്യയിലെത്തിയ ഇവര്‍ 10നാണ് കേരളത്തിലെത്തിയത്. വൈകിട്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി ആലപ്പുഴ മാരാരിക്കുളം കാര്‍ണോസ്റ്റി ബീച്ച് റിസോര്‍ട്ടിലാണ് രണ്ടുനാള്‍ താമസിച്ചത്. ആലപ്പുഴയുടെ കായല്‍സൗന്ദര്യം വഞ്ചിവീട് യാത്രയില്‍ ആസ്വദിച്ചവര്‍ റിസോര്‍ട്ട് പരിസരത്ത് കടല്‍ത്തീരഭംഗിയും ആസ്വദിച്ചു. ഇവിടെ തീരവാസികളായ ചെറുപ്പക്കാര്‍ക്കൊപ്പം നൃത്തംചവിട്ടി. കണിച്ചുകുളങ്ങര ദേവിക്ഷേത്ര സന്നിധിയില്‍ ശനിയാഴ്ച വൈകിട്ടെത്തി ആചാരങ്ങള്‍ മനസിലാക്കി.
എന്നാല്‍ ബോണ്ട് ഗേളായി വന്ന് കോടിക്കണക്കിന് ആളുകളുടെ ഹൃദയം കവര്‍ന്ന നടിയാണ് ഇവിടെ എത്തിയതെന്നു തിരിച്ചറിയാനുള്ള ബോധം മലയാളിക്കുണ്ടായിരുന്നില്ല. അവരുടെ കണ്ണില്‍ ഏതോ ഒരു വിദേശവനിത മാത്രമായിരുന്നു ഹാലി ബെറി. ഞായറാഴ്ച ഉച്ചയോടെ അവര്‍ മുംബൈയ്ക്ക് തിരിച്ചു. എട്ടിനാണ് മുംബൈയിലിറങ്ങി ഇന്ത്യാസന്ദര്‍ശനം ആരംഭിച്ചത്. രഹസ്യസ്വഭാവത്തോടെയായിരുന്നു സന്ദര്‍ശനം. മുംബൈ തെരുവിലൂടെ ഒറ്റയ്ക്ക് നടക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ പ്രചരിപ്പിച്ചതോടെയാണ് ദേശീയമാധ്യമങ്ങള്‍ സന്ദര്‍ശനവിവരം അറിഞ്ഞത്. ബ്യൂട്ടീഷ്യന്‍ ഉള്‍പ്പെടെ നാലംഗസംഘം ഇവരെ അനുഗമിച്ചു. കേരളത്തെ അത്യധികം ഇഷ്ടപ്പെട്ടതായി രേഖപ്പെടുത്തിയാണ് സംഘം മടങ്ങിയത്. ഇന്‍സ്റ്റാഗ്രാമില്‍ കേരളത്തിലെത്തിയെന്ന വിവരം പങ്കുവെച്ചിട്ടുണ്ട് അവര്‍.
അംഗരക്ഷകര്‍ ഒന്നുമില്ലാതെ ഹാലി ബെറി തെരുവില്‍ അലയുന്ന ചിത്രം നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്തിന് കേരളക്കാരെ പറയുന്നു മുംബൈക്കാരും ഹാലി ബെറിയെ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടു. ഒരു ഓസ്‌ക്കര്‍ ജേതാവ് നഗരത്തിലെത്തിയ കാര്യം മറ്റ് സിനിമാക്കാരോ പൊലീസോ ഒന്നും അറിഞ്ഞില്ല. 2001ല്‍ മോണ്‍സ്റ്റര്‍ ബോള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഹാലി മികച്ച നടിക്കുള്ള ഓസ്‌കര്‍ നേടിയത്. അമേരിക്കയില്‍ തിരിച്ചെത്തിയശേഷം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചില ചിത്രങ്ങള്‍ കണ്ടപ്പോഴാണ് ബോണ്ട് ചിത്രം ഡൈ അനദര്‍ ഡേയില്‍ പിയേഴ്‌സ് ബ്രോസ്‌നനൊപ്പം തകര്‍ത്തഭിനയിച്ച താരം ഇന്ത്യയിലുണ്ടായിരുന്നു എന്ന കാര്യം ലോകമറിഞ്ഞത്.
ചേരികള്‍ക്കും അമ്പരചുംബികള്‍ക്കും അപ്പുറത്ത് തെളിഞ്ഞുനില്‍ക്കുന്ന പ്രഭാത സൂര്യന്റേതാണ് ഒരു ചിത്രം. മറ്റൊന്ന് കല്ല് പതിച്ച നടവഴിയിലൂടെ അലസമായി നടക്കുന്നതിന്റേതാണ്. നഷ്ടപ്പെട്ട് അലയാന്‍ സമയം കണ്ടെത്തി എന്നൊരു കുറിപ്പുമുണ്ട്. ഇതാദ്യമായല്ല ബെറി ഇന്ത്യയോടുള്ള പ്രണയം വെളിപ്പെടുത്തുന്നത്. 2011ല്‍ പുറത്തിറങ്ങിയ ക്ലൗഡ് അറ്റ്ലസ് എന്ന ചിത്രത്തില്‍ സാരി ധരിച്ചും ഹെന്നയും വളകളുമണിഞ്ഞാണ് ബെറി പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ ഇതിഹാസവുമായി അടുത്ത ബന്ധമുള്ളതായിരുന്നു ഈ ചിത്രത്തിന്റെ പ്രമേയം.
ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ഏക കറുത്തവര്‍ഗക്കാരിയാണ് അന്‍പത്തിയൊന്നുകാരിയായ ഹാലി ബെറി. 2001ലെ ‘മോണ്‍സ്റ്റേഴ്സ് ബോള്‍’ എന്ന ചിത്രത്തിലെ അഭിനയമാണ് 2002ല്‍ ഓസ്‌കാര്‍ നേടിക്കൊടുത്തത്. എക്‌സ് മെന്‍ സീരീസാണ് ഹാലി ബെറിയെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചത്. മിസ് യുഎസ്എ സൗന്ദര്യമത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പാവുകയും 1986ലെ ലോകസുന്ദരി മത്സരത്തില്‍ ആറാംസ്ഥാനം സ്വന്തമാക്കുകയും ചെയ്താണ് ഹാലി ബെറി ഹോളിവുഡിലെത്തുന്നത്. എന്തായാലും ഹാലിയുടെ വരവ് അറിഞ്ഞില്ലല്ലോ എന്ന വിഷമത്തിലാണ് മലയാളി ആരാധകര്‍.