കൊച്ചി: രാജ്യത്ത് സ്വര്‍ണത്തിനുള്ള ഹാള്‍ മാര്‍ക്കിംഗ് കര്‍ശനമാക്കുന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 343 ജില്ലകളില്‍ മാത്രമായിരുന്നു ഹാള്‍മാര്‍ക് നിര്‍ബന്ധം. എന്നാല്‍, 20 ജില്ലകളില്‍ കൂടി പുതുതായി ഹാള്‍മാര്‍ക്കിംഗ് സെന്ററുകള്‍ വന്നതോടുകൂടി 363 ജില്ലകളില്‍ സ്വര്‍ണത്തില്‍ ഹാള്‍മാര്‍ക്ക് ചെയ്യുന്നത് നിര്‍ബന്ധമാക്കി. കേരളം മാത്രമാണ് സമ്പൂര്‍ണ ഹാള്‍മാര്‍ക്കിംഗ് സംസ്ഥാനം.
2021ല്‍ ഹാള്‍ മാര്‍ക്കിംഗ് എച്ച് യുഐഡി നിലവില്‍ വരുമ്പോള്‍ 276 ജില്ലകളില്‍ മാത്രമായിരുന്നു നിര്‍ബന്ധം ഉണ്ടായിരുന്നത്. ഇപ്പോഴും രാജ്യത്തെ പകുതി ജില്ലകളില്‍ പോലും ഹാള്‍മാര്‍ക്ക് നിര്‍ബന്ധം അല്ല.
ഹാള്‍മാര്‍ക്കിംഗ് സെന്ററുകള്‍ ഇല്ലാത്ത ജില്ലകളില്‍ സ്വര്‍ണാഭരണം വില്‍ക്കുന്നതിന് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമല്ല. അവിടെ ഏത് പരിശുദ്ധിയിലുള്ള ആഭരണങ്ങളും ഹാള്‍മാര്‍ക്കിംഗ് മുദ്ര ചെയ്യാതെ വില്ക്കാന് കഴിയും.
ഇന്ത്യയില്‍ ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുമ്പോള്‍ 34,647 ജ്വല്ലറികള്‍ മാത്രമായിരുന്നു ലൈസന്‍സ് എടുത്തിരുന്നത്. ഇപ്പോള്‍ രണ്ട് ലക്ഷത്തോളം ജ്വല്ലറികള്‍ക്ക് ലൈസന്‍സുണ്ട്. 2023 ഒക്ടോബറിലെ കണക്കനുസരിച്ച് 1, 81,590 ജ്വല്ലറികളാണ് ലൈസന്‍സ് എടുത്തിട്ടുള്ളത്. 945 ഹാള്‍മാര്‍ക്കിംഗ് സെന്ററുകള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 1622 ഹാള്‍മാര്‍ക്കിംഗ് സെന്ററുകളായി. കേരളത്തില്‍ ഇതിന്റെ എണ്ണം 100 ആണ്.
43.26 കോടി ആഭരണങ്ങളില്‍ ഇതുവരെ എച്ച്യുഐഡി പതിച്ചിട്ടുണ്ട്. കേരളത്തില്‍ 10 കോടിയിലധികം ആഭരണങ്ങളില്‍ ഇതുവരെ ഹാള്‍മാര്‍ക്ക് എച്ച് യുഐഡി മുദ്ര പതിച്ചിട്ടുള്ളതെന്ന് ഓള് ഇന്ത്യ ജം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടര്‍ എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.
സ്വന്തം ലേഖിക