ചെറുതോണി: മുഖ്യാധാര വാർത്താമാധ്യമങ്ങൾക്കൊന്നും എത്തിപ്പെടാൻ കഴിയാത്ത സ്്ഥലങ്ങളിൽനിന്നുപോലും വാർത്തകളും വിശേഷങ്ങളും പുറംലോകത്തെത്തിക്കുന്ന ഹാം റേഡിയോ സംഘം പതിവുപോലെ ഇത്തവണയും തെരഞ്ഞെടുപ്പു വാർത്തകൾ എത്തിക്കാൻ സജ്ജമായി.
സംസ്ഥാനത്തെ ഏക ആദിവാസി ഗ്രാമപഞ്ചായത്തായ ഇടമലക്കുടി ഉൾപ്പെയുള്ള വിദൂര ഗ്രാമങ്ങളിൽനിന്നുള്ള പോളിംഗ് വിവരങ്ങൾ യഥാസമയം പുറംലോകത്തെത്തിക്കുന്നത് വർഷങ്ങളായി ഹാം റേഡിയോ (അമച്വർ റേഡിയോ)യുടെ സഹായത്തോടെയാണ്.
2010 മുതൽ ഇടമലക്കുടിയിൽനിന്നുള്ള തെരഞ്ഞെടുപ്പു വാർത്തകൾ യഥാസമയം ജില്ലാ കേന്ദ്രത്തിലെത്തിക്കുന്നത് ഈ വയർലെസ് സംവിധാനത്തിലൂടെയാണ്.
ഇടമലക്കുടിയിൽ ഹാം റേഡിയോ സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർക്ക് സമ്മതമറിയിച്ചിട്ടുണ്ടെന്ന് ഇടുക്കി ഹാം റേഡിയോ ഡിസാസ്റ്റർ മാനേജുമെന്റ് കമ്യൂണിക്കേഷൻ സൊസൈറ്റി പ്രസിഡന്റ് മനോജ് ഗാലക്സി അറിയിച്ചു.
ഹാം റേഡിയോ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഇടമലക്കുടിയിലും രാജമലയിലും കണ്ട്രോൾ റൂമുകൾ സ്ഥാപിക്കും. വിവര കൈമാറ്റത്തിനായി പെട്ടിമുടിക്കു സമീപം പുല്ലുമേട്ടിൽ വയർലെസ് റിപ്പീറ്ററും സ്ഥാപിക്കും.
ഹാം റേഡിയോ സൗകര്യം സജ്ജമായാൽ ഇടുക്കി കളക്ടറേറ്റ്, ദേവികുളം താലൂക്ക് ഓഫീസ്, ദേവികുളം സബ് കളക്ടറുടെ വാഹനം, മൂന്നാറിലെ തെരഞ്ഞെടുപ്പ് ഓഫീസ് എന്നിവിടങ്ങളിൽ ഇടമലക്കുടിയിൽനിന്നുള്ള പോളിംഗ് വിവരങ്ങൾ യഥാസമയം ലഭ്യമാകും.
വയർലെസ് സംവിധാനത്തിലൂടെ ജില്ലാ കളക്ടർ ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പോളിംഗ് ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കാനാകുമെന്നും മനോജ് പറഞ്ഞു. 30 പേരടങ്ങുന്ന ഹാം റേഡിയോ ടീമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് ആറിന് പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട വാർത്തകൾ പുറംലോകത്തെക്കാൻ ആദ്യം ഉപയോഗിച്ചതും ഹാം റേഡിയോ സംവിധാനമാണ്.
മേശപ്പുറത്തുവച്ചു പ്രവർത്തിപ്പിക്കാവുന്ന ചെറിയ ഒരു റേഡിയോ സ്റ്റേഷൻ തന്നെയാണ് ഹാം വയർലസ് സെറ്റ് അഥവാ ട്രാൻസീവർ. ഇതിൽ ഒരു റേഡിയോ പ്രക്ഷേപണിയും റേഡിയോ സ്വീകരണിയും ഒരു സ്ഥലത്ത് പ്രവർത്തിക്കുന്നു.
റേഡിയോ സ്റ്റേഷൻ അഥവാ പ്രസരണി അന്തരീക്ഷത്തിലേക്ക് റേഡിയോ സന്ദേശങ്ങൾ അയക്കും. റേഡിയോ റിസീവർ അഥവാ സ്വീകരണി ആ സന്ദേശങ്ങൾ പിടിച്ചെടുത്ത് കേൾപ്പിക്കുന്നു. ഇങ്ങനെയുള്ള ഒരു സംവിധാനത്തെയാണ് വയർലെസ് സെറ്റ് അഥവാ ട്രാൻസീവർ എന്നു പറയുന്നത്.
വിനോദം, സന്ദേശ വിനിമയം, പരീക്ഷണം, പഠനം, അടിയന്തര സന്ദർഭങ്ങളിലെ വാർത്താവിനിമയം തുടങ്ങിയ ആവശ്യങ്ങൾക്ക് നിശ്ചിത ആവൃത്തിയിലുള്ള തരംഗങ്ങൾ ഉപയോഗിച്ച് സ്വകാര്യവ്യക്തികൾ നടത്തുന്ന റേഡിയോ സന്ദേശ വിനിമയത്തെയാണ് ഹാം അഥവ അമച്വർ റേഡിയോ എന്നു പറയുന്നത്. രാജകീയ വിനോദമെന്നും ഹാം റേഡിയോ അറിയപ്പെടുന്നു.
ഹാം റേഡിയോ ഉപയോഗിച്ച് ആശയ വിനിമയം നടത്തുന്നവർ ഹാം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഹാം റേഡിയോയിലൂടെ കേൾക്കാനും സംസാരിക്കാനും സാധിക്കും.
ഈ സംവിധാനമാണ് വാർത്താമാധ്യമ സൗകര്യങ്ങളുടെ ബുദ്ധിമുട്ടനുഭവിക്കുന്ന ഗ്രാമങ്ങളിലെ തെരഞ്ഞെടുപ്പ് വിവരം ശേഖരിക്കാനായി ജില്ലാ ഭരണകൂടം ഉപയോഗിക്കുന്നത്.