ദുബായ്: ഇന്ത്യയുടെ ഹർമൻപ്രീത് കൗറിനെ ഐസിസി വനിതാ ട്വന്റി20 ടീം ഓഫ് ദ ഇയർ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. സ്മൃതി മംധനയും പൂനം യാദവും ട്വന്റി 20 ടീമിലുണ്ട്. ന്യൂസിലൻഡിന്റെ സുസി ബേറ്റ്സ് നായികയായുള്ള ഐസിസിയുടെ ഏകദിന ടീമിൽ മംധാനയും ലെഗ് സ്പിന്നർ പൂനം യാദവുമുണ്ട്.
2018ൽ ഏകദിന, ട്വന്റി 20 ക്രിക്കറ്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മുൻതാരങ്ങളായ ലിസ സ്റ്റാലെകർ, ഷാർലെറ്റ് എഡ്വേർഡ്സ്, അൻജും ചോപ്ര എന്നിവർക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവരുടെ വോട്ടിംഗ് സമിതിയാണ് ടീമുകളെ തെരഞ്ഞെടുത്തത്. വെസ്റ്റ് ഇൻഡീസിൽ നടന്ന ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയെ സെമി ഫൈനൽ വരെയെത്തിച്ച പ്രകടനമാണ് ഹർമൻപ്രീതിനു നേട്ടമായത്.
ട്വന്റി20 ടീമിൽ ലോക ചാന്പ്യന്മാരായ ഓസ്ട്രേലിയയിൽനിന്ന് അഞ്ചു പേരുണ്ട്. ഇന്ത്യയുടെ മൂന്നു പേരെ കൂടാതെ ന്യൂസിലൻഡിൽനിന്നു രണ്ടും ബംഗ്ലാദേശ്, ഇംഗ്ലണ്ട് ടീമുകളിൽനിന്ന് ഓരോരുത്തരുമുണ്ട്. റുമാന അഹമ്മദാണ് ബംഗ്ലാദേശിൽനിന്ന് ഐസിസി ടീമിലെത്തിയ ആദ്യ താരം. 2018ൽ ട്വന്റി20യിൽ ഏറ്റവും നേട്ടം കൊയ്ത ബൗളറാണ് റുമാന. 24 മത്സരത്തിൽ 30 വിക്കറ്റാണ് ഈ വലംകൈ ലെഗ് സ്പിന്നർ സ്വന്തമാക്കിയത്.
ഏഴു രാജ്യങ്ങളിൽനിന്നുള്ളവരാണ് ഏകദിന ടീമിൽ. ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക ടീമുകളിൽനിന്നു രണ്ടും ഓസ്ട്രേലിയ, പാക്കിസ്ഥാൻ, വെസ്റ്റ് ഇൻഡീസ് ടീമുകളിൽനിന്ന് ഓരോരുത്തരുമുണ്ട്.മംധാന, യാദവ് എന്നിവരെ കൂടാതെ ഓസ്ട്രേലിയയുടെ അലിസ ഹീലി, ന്യൂസിലൻഡിന്റെ സുസി ബേറ്റ്സ് എന്നിർ രണ്ടു ടീമിലുണ്ട്.