കെയ്റോ: വെടിനിർത്തൽ ധാരണ പ്രകാരം മൂന്നു ബന്ദികളെ ഹമാസ് ഇന്നു മോചിപ്പിക്കും. റഷ്യൻ-ഇസ്രയേലി പൗരൻ അലക്സാണ്ടർ ട്രൗഫാനോവ്, അർജന്റൈൻ-ഇസ്രയേലി പൗരൻ യെയിർ ഹോൺ, യുഎസ്-ഇസ്രയേലി പൗരൻ സാഗുയി ദെകെൽ ചെൻ എന്നിവരാണു മോചിതരാകുന്നത്.
നേരത്തേ ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിക്കുന്നുവെന്നാരോപിച്ച ഹമാസ് ബന്ദിമോചനം വൈകിക്കുമെന്നു പ്രഖ്യാച്ചിരുന്നു.
ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗാസയിൽ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ റദ്ദാക്കാന്‍ ആഹ്വാനം ചെയ്യുമെന്നു ട്രംപും മുന്നറിയിപ്പ് നൽകിയിരുന്നു.
ഈജിപ്തും ഖത്തറും നടത്തിയ മധ്യസ്ഥശ്രമങ്ങൾക്കൊടുവിൽ മുൻധാരണ അനുസരിച്ച് ഇന്ന് മൂന്നു ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് പിന്നീടു തീരുമാനിക്കുകയായിരുന്നു. അതിനിടെ ഗാസയുമായി ബന്ധപ്പെട്ട് കൂടുതൽ കടുത്ത നിലപാട് സ്വീകരിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
പലസ്തീൻകാരെ സമീപരാഷ്ട്രങ്ങളിലേക്കു മാറ്റി ഗാസ സ്വന്തമാക്കുമെന്ന ഭീഷണി ആവർത്തിച്ച് ദിവസങ്ങൾക്കുള്ളിലാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.ഗാസയിലെ 20 ലക്ഷത്തിലേറെ വരുന്ന പലസ്തീൻകാർ ഒഴിഞ്ഞുപോകണമെന്നാണ് ട്രംപിന്റെ നിലപാട്.