ടെൽ അവീവ്: ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തിന്റെ ഒന്നാം വാർഷികമായ ഇന്ന് ഇസ്രയേലിനുനേരേ ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തി. ഇസ്രയേല്‍ തുറമുഖ നഗരമായ ഹൈഫയിലാണ് ഹിസ്ബുളള ആക്രമണം നടത്തിയത്. അഞ്ച് ഹിസ്ബുള്ള റോക്കറ്റുകളാണ് ഹൈഫയിൽ പതിച്ചത്. 10 പേര്‍ക്ക് പരിക്കേറ്റു.
ഇസ്രയേലിന്റെ വ്യവസായിക നഗരമായ ഹൈഫയിൽ ഇത് ആദ്യമായാണ് ആക്രമണം നടക്കുന്നത്. വടക്കന്‍ ഇസ്രയേലിലെ ടിബെരിയാസിലും ഹിസബുള്ള ആക്രമണം നടത്തി.
ലെബനൻ സായുധ സംഘമായ ഹിസ്ബുള്ളയുടെ തലവൻ സയ്യിദ് ഹസൻ നസറുള്ളയുടെ കൊലപാതകത്തിനുള്ള തിരിച്ചടി കൂടിയായാണ് ഹിസ്ബുള്ളയുടെ ഇന്നത്തെ ആക്രമണമെന്നു പറയുന്നു. ആക്രമണവാർഷിക ദിനമായതിനാൽ ഇസ്രയേൽ സുരക്ഷ കർശനമാക്കിയിരുന്നു. ഇതിനെ മറികടന്നായിരുന്നു റോക്കറ്റ് ആക്രമണം.
ആക്രമണം നടത്തിയതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു. ഇതിനിടെ ഇസ്രയേലിന്റെ ലെബനൻ, ഗാസ ആക്രമണം തുടരുകയാണ്. പലസ്തീനിലെ അൽ അഖ്സയിലെ ആശുപത്രിയിൽ ഇസ്രയേൽ നടത്തിയ ഫൈറ്റർ ജെറ്റ് ആക്രമണത്തിൽ 11 പേർക്കു പരിക്കേറ്റു.
അഭയാർഥി കേന്ദ്രത്തിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.2023 ഒക്ടോബർ ഏഴിനായിരുന്നു ഇസ്രയേലിൽ ഹമാസ് ആക്രമണം നടത്തിയത്. ഇത് പിന്നീട് തീരാത്ത സംഘർഷങ്ങളിലേക്കു നയിക്കപ്പെടുകയായിരുന്നു.