ടെഹ്റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയെ കൊലപ്പെടുത്തിയതിനു പ്രതികാരമായി ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഉത്തരവിട്ട് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് ഇക്കാര്യം റിപ്പോർട്ട് ചെയ്ത്.
ഹനിയ കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെ ചേർന്ന ഇറാൻ സുപ്രീം ദേശീയ സുരക്ഷാ കൗൺസിലിന്റെ അടിയന്തരയോഗത്തിലാണ് ഇസ്രയേലിനെ ആക്രമിക്കാൻ ഖമേനി ഉത്തരവിട്ടതെന്നാണു റിപ്പോർട്ട്.
ഹനിയ കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാൻ നേരിട്ടു തിരിച്ചടിക്കുമെന്ന് ഖമേനി പരസ്യപ്രസ്താവനയിൽ പറഞ്ഞിരുന്നു. ഹനിയയുടെ രക്തത്തിനു പ്രതികാരം ചെയ്യുന്നത് തങ്ങളുടെ കടമയാണെന്നും ഖമേനി പറഞ്ഞിരുന്നു.
ഹനിയയെ വധിച്ചത് ഇസ്രയേൽ ആണെന്നാണ് ഇറാനും ഹമാസും ആരോപിക്കുന്നത്. ഇറാനിയൻ ആണവ ശാസ്ത്രജ്ഞരും സൈനിക കമാൻഡർമാരും ഉൾപ്പെടെ നിരവധി ഉന്നതരെ വധിച്ചതിന്റെ നീണ്ട ചരിത്രമാണ് ഇസ്രയേലിനുള്ളതെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.