ടെൽ അവീവ്: ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഗാസ സിറ്റിയിലെ അൽഷിഫ ആശുപത്രിയിൽ ഇസ്രേലി സേന നടത്തിയ റെയ്ഡിൽ ഹമാസിന്റെ ആഭ്യന്തര സുരക്ഷാ ഓർഗനൈസേഷനിലെ പ്രത്യേക പ്രവർത്തനങ്ങളുടെ തലവൻ ഫയ്ഖ് അൽമഭൂഹും ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടു. നിരവധിപേരെ കസ്റ്റഡിയിലെടുത്തുവെന്നും സൈന്യം അറിയിച്ചു.
ഇസ്രയേൽ ഓപ്പറേഷനിൽ ഹമാസിന്റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടതായി അമേരിക്കയും സ്ഥിരീകരിച്ചു. ഹമാസിന്റെ മൂന്നാമത്തെ കമാൻഡർ മർവാൻ ഇസയെ കഴിഞ്ഞയാഴ്ച ഇസ്രയേൽ വധിച്ചിരുന്നു.
അതേസമയം, വടക്കൻ ഗാസയിലെ അൽഷിഫ ഹോസ്പിറ്റലിലെ അവസ്ഥയെക്കുറിച്ച് ഞങ്ങൾ വളരെ ആശങ്കാകുലരാണെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസ് എക്സിൽ കുറിച്ചു. ആശുപത്രികൾ ഒരിക്കലും യുദ്ധക്കളമാകരുതെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.