ടെൽ അവീവ്: 245 ദിവസത്തിനുശേഷമാണ് നാലു ബന്ദികളെ ഇസ്രേലി സേന ഹമാസിന്റെ കസ്റ്റഡിയിൽനിന്നു മോചിപ്പിച്ചത്. ഇസ്രയേലിൽ തിരികെയെത്തിയ നാലു പേരും കുടുംബാംഗങ്ങളെ കണ്ടു. നോവ അർഗമാനി (26) എന്ന യുവതിയെയും ആന്ദ്രെ കോസ്ലോവ്(27), അൽമോഗ് മെയിർ ജാൻ (21), ഷ്ലോമി സിവ് (40)എന്നിവരെയുമാണ് ഇസ്രേലി സേന ശനിയാഴ്ച സെൻട്രൽ ഗാസയിൽ രക്തരൂഷിത ഓപ്പറേഷനിലൂടെ മോചിപ്പിച്ചത്.
ഒക്ടോബർ ഏഴിനു തെക്കൻ ഇസ്രയേലിൽ ഭീകരാക്രമണം നടത്തിയ ഹമാസ് ഇസ്ലാമിക് ജിഹാദ് ഭീകരർ നോവ സംഗീതോത്സവ വേദിയിൽനിന്നാണ് ഇവരെ പിടികൂടിയത്. മോട്ടോർ സൈക്കിളിന്റെ പിറകിൽ കയറ്റി ഗാസയിലേക്കു കൊണ്ടുപോകും വഴി അലറിക്കരയുന്ന നോവയുടെ വീഡിയോ പുറത്തുവന്നിരുന്നു. പലസ്തീൻ ഭീകരരുടെ ക്രൂരതകളിലേക്കു ലോകത്തിന്റെ ശ്രദ്ധ തിരിച്ചുവിട്ട വീഡിയോ ആയിരുന്നിത്.
നോവ ഗാസയിൽ ബന്ദിയായിരിക്കേ, അവരുടെ കാൻസർ ബാധിതയായ അമ്മയുടെ സ്ഥിതി വഷളായിരുന്നു. ശനിയാഴ്ച ഇസ്രയേലിൽ തിരിച്ചെത്തിയ നോവയെ പിതാവ് യാക്കോവ് ആലിംഗനം ചെയ്താണു സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ജന്മദിനംകൂടിയായിരുന്നു ശനിയാഴ്ച. ഏറ്റവും വലിയ ജന്മദിന സമ്മാനമാണ് ഈ കൂടിച്ചേരലെന്ന് അദ്ദേഹം പറഞ്ഞു.
സുരക്ഷിതമായി മടങ്ങിയെത്തിയ നോവയെ ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവും പ്രസിഡന്റ് ഹെർട്സോഗും അഭിനന്ദിച്ചു. ബന്ദികളുടെ മോചനം ഇസ്രേലി ജനതയും ആഘോഷിച്ചു. ടെൽ അവീവിലെ ‘ബന്ദികളുടെ ചത്വരം’ എന്നുവിളിക്കുന്ന ഭാഗത്ത് ആയിരക്കണക്കിന് ഇസ്രേലികൾ ഒത്തുകൂടി ആഘോഷം നടത്തി.
ഓപ്പറേഷനിൽ മരണം 274
നാലു ബന്ദികളെ രക്ഷിക്കാൻ ഇസ്രേലി സേന സെൻട്രൽ ഗാസയിലെ നുസെയ്റത്തിൽ നടത്തിയ ഓപ്പറേഷനിൽ 274 പേർ കൊല്ലപ്പെട്ടതായി ഹമാസിന്റെ ആരോഗ്യവകുപ്പ് അറിയിച്ചു. 700 പേർക്കാണു പരിക്കേറ്റത്.
ഗാസ യുദ്ധത്തിൽ ഇസ്രേലി സേന നടത്തിയ ഏറ്റവും വലിയ രക്ഷപ്പെടുത്തൽ ദൗത്യമായിരുന്നിത്. കര, വ്യോമ സേനകൾ ആക്രമണത്തിൽ പങ്കെടുത്തു. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്.