ഗാസ സിറ്റി: ഹമാസിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ ഉമര്‍ ദറാഗ്മ ഇസ്രയേല്‍ ജയിലില്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഉമറിനെ ഇസ്രയേല്‍ സൈന്യം തടവറയില്‍ പീഡിപ്പിച്ച് കൊന്നതാണെന്നാണ് ഹമാസിന്റെ ആരോപണം.
എന്നാല്‍ ഹൃദയാഘാതം മൂലമാണ് ഉമറിന്റെ മരണമെന്ന് ഇസ്രയേല്‍ വിശദീകരിച്ചു. ഹമാസിന്റെ വെസ്റ്റ് ബാങ്കിലെ നേതാവായ ഉമറിനെയും മകനെയും ഒക്ടോബര്‍ ഒന്‍പതിനാണ് ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്തത്.
ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന് ശേഷം 800ഓളം പലസ്തീനികളെ തടവിലാക്കിയതായി ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. ഇതില്‍ 500ഓളം പേര് ഹമാസ് അംഗങ്ങളാണെന്നും ഇസ്രയേല്‍ പറഞ്ഞിരുന്നു.
രണ്ട് ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു. വയോധികരായ രണ്ട് വനിതകളെയാണ് റെഡ്ക്രോസിന് കൈമാറിയത്. ഹമാസ് മോചിപ്പിച്ച ബന്ദികളുടെ എണ്ണം നാലായി.