കയ്റോ: യുദ്ധാനന്തര ഗാസയുടെ ഭരണത്തിനായി ഹമാസും വെസ്റ്റ് ബാങ്കിലെ ഫത്തായും തമ്മിൽ ധാരണയുണ്ടാക്കുന്നതായി റിപ്പോർട്ട്.
സ്വതന്ത്ര കമ്മിറ്റിക്ക് ഭരണച്ചുമതല നല്കുന്നതിനെക്കുറിച്ചാണ് ആലോചന. ഇതോടെ ഗാസയിൽ ഹമാസിന്റെ ഭരണം അവസാനിക്കും. ഗാസാ വെടിനിർത്തലിന് ഇസ്രയേലുമായുള്ള ചർച്ചയിൽ ഇത്തരമൊരു ധാരണ ഗുണം ചെയ്തേക്കുമെന്നാണു കരുതുന്നത്.
ബദ്ധശത്രുക്കളായ ഹമാസും ഫത്തായും ഈജിപ്ഷ്യൻ തലസ്ഥാനമായ കയ്റോയിൽ ആഴ്ചകളായി നടത്തിയ ചർച്ചയിൽ പ്രാഥമിക ധാരണ ഉണ്ടാക്കിയെന്നാണ് സൂചന. 12 മുതൽ 15 വരെ അംഗങ്ങൾ അടങ്ങിയ കമ്മിറ്റിക്കായിരിക്കും ഗാസയുടെ ഭരണച്ചുമതല.
കമ്മിറ്റി റിപ്പോർട്ട് ചെയ്യേണ്ടത് വെസ്റ്റ്ബാങ്കിലെ പലസ്തീൻ അഥോറിറ്റിക്കായിരിക്കും.വിഷയത്തിൽ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. യുദ്ധാനന്തര ഗാസയിൽ ഹമാസിനോ ഫത്തായ്ക്കോ റോൾ ഉണ്ടാവില്ലെന്നാണ് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തേ വ്യക്തമാക്കിയിട്ടുള്ളത്. ഹമാസിനെ ഉന്മൂലനം ചെയ്ത് ഗാസയിലെ ബന്ദികളെ മോചിപ്പിക്കുംവരെ യുദ്ധം തുടരുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.