വാഷിംഗ്ടൺ: ഗാസയിൽ 15 മാസം നീണ്ട യുദ്ധത്തിന് അന്ത്യം കുറിച്ച് ഇസ്രയേലും ഹമാസും അംഗീകരിച്ച സമാധാന കരാർ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേയായിരുന്നു പ്രഖ്യാപനം. സമാധാന കരാർ അമേരിക്കൻ നയതന്ത്രത്തിന്റെയും ദീർഘമായ പിന്നാമ്പുറ ചർച്ചകളുടെയും ഫലമാണെന്നു ബൈഡൻ വ്യക്തമാക്കി. കരാർ നിലനിൽക്കുമെന്നാണു തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മേയിൽ അമേരിക്ക മുന്നോട്ടുവച്ച സമാധാന കരാറിന്റെ കരട് രേഖയാണ് ഇപ്പോൾ പ്രാവർത്തികമായത്. സമാധാന കരാറിന്റെ ആദ്യഘട്ട കാലാവധി 42 ദിവസമാണ്. ആറാഴ്ചകൾക്കുശേഷം രണ്ടാംഘട്ടത്തിലേക്ക് കടക്കും. അത് ഇസ്രയേൽ-ഹമാസ് യുദ്ധത്തിന്റെ അവസാനമായിരിക്കുമെന്നും ബൈഡൻ പറഞ്ഞു.
സമാധാന കരാർ ഞായറാഴ്ച പ്രാബല്യത്തിൽ വരും. ആദ്യഘട്ടത്തിൽ 33 ബന്ദികളെഹമാസ് മോചിപ്പിക്കും. ഇതിനു പകരമായി നൂറിലേറെ പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. രണ്ടാംഘട്ടത്തിൽ അവശേഷിക്കുന്ന ബന്ദികളെ ഹമാസ് മോചിപ്പിക്കും.
കരാർപ്രകാരം ഗാസയിൽനിന്ന് ഇസ്രേലി സേന പൂർണമായും പിന്മാറും. ഗാസയുടെ പുനരുദ്ധാരണത്തിന് അന്താരാഷ്ട്ര സമൂഹത്തിന്റെ മേൽനോട്ടത്തിൽ മൂന്നു മുതൽ അഞ്ചു വർഷം വരെയുള്ള പദ്ധതി തയാറാക്കാനും തീരുമാനമായിട്ടുണ്ട്. കരാർ പ്രാബല്യത്തിൽ വരുന്നതോടെ പലസ്തീനികൾക്ക് വടക്കൻഗാസയിലെ വീടുകളിലേക്കു പോകാനാകും.
2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിൽ തെക്കൻ ഇസ്രയേലിൽ 1,200 പേർ കൊല്ലപ്പെടുകയും 250 പേരെ ബന്ദികളാക്കുകയും ചെയ്തതോടെയാണു യുദ്ധം തുടങ്ങിയത്. ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 46,707 പേർ മരിക്കുകയും 1,10,285 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.