റാഫ: തെക്കൻ ഗാസയിൽ ഇസ്രേലി ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. ഇതിൽ പകുതിയും കുട്ടികളാണ്. ഗാസയിൽ കൂടുതൽ സഹായം എത്തിക്കുന്നതിനു ഹമാസും ഇസ്രയേലും കഴിഞ്ഞദിവസം ധാരണയിലെത്തിയെങ്കിലും ഔദ്യോഗിക പ്രഖ്യാപനമുണ്ടായില്ല.
ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികൾക്ക് മരുന്ന് എത്തിക്കാനും പകരമായി ഗാസയിലേക്കു കൂടുതൽ സഹായവസ്തുക്കൾ അനുവദിക്കാനുമായിരുന്നു ധാരണ. ഇതിനായി ഖത്തറും ഫ്രാൻസുമാണു മധ്യസ്ഥശ്രമങ്ങൾ നടത്തിയത്.
ഗാസയിൽ സ്ഥിരമായ വെടിനിർത്തൽ വേണമെന്ന് യൂറോപ്യൻ യൂണിയൻ പാർലമെന്റ് ഇന്നലെ പ്രമേയം പാസാക്കി. ഹമാസിനെ പുറത്താക്കണമെന്നും എല്ലാ ബന്ദികളെയും ഉടൻ മോചിപ്പക്കണമെന്നും ഇയു പാർലമെന്റ് ആവശ്യപ്പെട്ടു.
പ്രമേയത്തിന് അനുകൂലമായി 312 വോട്ട് ലഭിച്ചപ്പോൾ 131 പേർ എതിർത്തു. 72 പേർ വിട്ടുനിന്നു. യൂറോപ്യൻ യൂണിയന്റെ ഭീകരപട്ടികയിലുള്ള സംഘടനയാണ് ഹമാസ്.