ടെല്‍ അവീവ്: ഹമാസിന്റെ മിന്നല്‍ ആക്രമണത്തില്‍ 33 ഇസ്രേലി സൈനികര്‍ കൂടി കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം. ഇതോടെ ഹമാസ്- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ മരിച്ച സൈനികരുടെ എണ്ണം 134 ആയി.
ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പലസ്തീനിയൻ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ സേന നടത്തിയ വെടിവയ്പ്പിലും വ്യോമാക്രമണത്തിലുമാണ് രണ്ട് റിപ്പോര്‍ട്ടര്‍മാരും ഒരു ഫോട്ടോഗ്രാഫറും കൊല്ലപ്പെട്ടത്. ഇതോടെ സംഘര്‍ഷം തുടങ്ങിയ ശേഷം മരിച്ച മാധ്യമപ്രവര്‍ത്തകരുടെ എണ്ണം ആറായി.
അതേസമയം ഗാസയില്‍ മുന്നറിയിപ്പില്ലാതെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയാല്‍ ബന്ദികളെ കൊലപ്പെടുത്തുമെന്ന് ഹമാസ് ഭീഷണി മുഴക്കി. ഹമാസിന്റെ സായുധ വിഭാഗമായ എസെദീന്‍ അല്‍ഖാസിം ബ്രിഗേഡ്സ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ശത്രുവിന് മനുഷ്യത്വത്തിന്റെയും ധാര്‍മികതയുടെയും ഭാഷ മനസിലാകുന്നില്ല, അതിനാല്‍ അവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ തങ്ങള്‍ അവരെ അഭിസംബോധന ചെയ്യുമെന്നും പ്രസ്താവനയിലൂടെ സംഘടന വ്യക്തമാക്കി.