ടെൽ അവീവ്: വെടിനിർത്തലിന്റെ നാലാം ദിനമായ തിങ്കളാഴ്ച രാത്രി 11 ഇസ്രേലി ബന്ദികളെക്കൂടി ഹമാസ് വിട്ടയച്ചു. പകരമായി 33 പലസ്തീൻ തടവുകാരെ ഇസ്രേലി ജയിലിൽനിന്നു മോചിപ്പിച്ചു. രണ്ടു ദിവസത്തേക്കുകൂടി നീട്ടിയ വെടിനിർത്തൽ ഇന്ന് അവസാനിക്കും.
വെടിനിർത്തൽ വീണ്ടും നീട്ടുന്നതിനുള്ള ശ്രമങ്ങൾ ഖത്തറിന്റെ മധ്യസ്ഥതയിൽ ഊർജിതമാണ്. സിഐഎ മേധാവി വില്യം ബേൺസ്, ഇസ്രേലി ചാരസംഘടന മൊസാദിന്റെ തലവൻ ഡേവിഡ് ബാർണിയ എന്നിവർ ഖത്തറിലെത്തിയിട്ടുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വരുംദിവസങ്ങളിൽ വീണ്ടും പശ്ചിമേഷ്യ സന്ദർശിക്കുന്നുണ്ട്.
ഇതിനിടെ ഇന്നലെ വടക്കൻ ഗാസയിൽ ഇസ്രേലി സേനയും ഹമാസും തമ്മിൽ ചെറിയ സംഘർഷമുണ്ടായി. ഇസ്രേലി സേനയ്ക്കു നേർക്കു രണ്ടു സ്ഥലങ്ങളിലായി മൂന്ന് ബോംബ് സ്ഫോടനങ്ങളുണ്ടായതാണ് തുടക്കം. കുറച്ചു സൈനികർക്ക് നിസാര പരിക്കേറ്റു. വെടിർത്തൽ ലംഘിച്ചുവെന്ന് ഇസ്രയേലും ഹമാസും പരസ്പരം ആരോപിച്ചു.
ഒന്പതു കുട്ടികളെയും രണ്ടു സ്ത്രീകളെയുമാണ് തിങ്കളാഴ്ച അർധരാത്രിക്കുശേഷം ഹമാസ് വിട്ടയച്ചത്. 30 കുട്ടികളെയും മൂന്നു സ്ത്രീകളെയുമാണ് ഇസ്രേലി ജയിലിൽനിന്നു മോചിപ്പിച്ചത്.
വെടിനിർത്തൽ ധാരണ അനുസരിച്ച് തിങ്കളാഴ്ചയോടെ ഹമാസിന്റെ കസ്റ്റഡിയിൽനിന്നു മോചിതരായ ഇസ്രേലികളുടെ എണ്ണം 51 ആയി. ഇതിനു പുറമേ മറ്റു രാജ്യക്കാരായ 19 പേരെക്കൂടി ഹമാസ് വിട്ടയച്ചു. ഇസ്രേലി ജയിലുകളിൽനിന്ന് 150 പലസ്തീനികളാണു മോചിതരായത്.
ആദ്യമുണ്ടാക്കിയ നാലുദിന വെടിനിർത്തൽ തിങ്കളാഴ്ച അവസാനിച്ചിരുന്നു. പത്തുവീതം ബന്ദികളെക്കൂടി മോചിപ്പിക്കാമെന്ന ഹമാസിന്റെ വാഗ്ദാനത്തിലാണ് ഇന്നലെയും ഇന്നുമായി രണ്ടു ദിവസത്തേക്കുകൂടി വെടിനിർത്തൽ നീട്ടിയത്.
ഇതിനിടെ, എല്ലാ ബന്ദികളും തങ്ങളുടെ കസ്റ്റഡിയിലല്ലെന്നും പലസ്തീൻ ഇസ്ലാമിക് ജിഹാദ് പോലുള്ള ചെറിയ ഭീകര സംഘടനകളുടെ കീഴിലാണു കുറച്ചു ബന്ദികളെന്നും ഹമാസ് നേതൃത്വം ഇന്നലെ ഖത്തറിൽ പറഞ്ഞു.
വെടിനിർത്തൽ കാലത്ത് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഗാസയിലേക്ക് കൂടുതൽ സഹായമെത്തിക്കുന്നത് തുടരുന്നു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേൽ, വെസ്റ്റ്ബാങ്ക്, യുഎഇ എന്നിവടങ്ങളാണു സന്ദർശിക്കുക. എല്ലാ ബന്ദികളുടെയും മോചനം, ഗാസയിലേക്കു കൂടുതൽ സഹായം എന്നീ കാര്യങ്ങൾ ലക്ഷ്യമിട്ടാണു സന്ദർശനം.