റിയാദ്: ഇസ്രയേൽ- ഹമാസ് സംഘർഷം രൂക്ഷമായിരിക്കെ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് സൗദി അറേബ്യ. പലസ്തീൻ ജനതയുടെ മാന്യമായ ജീവിതത്തിനുള്ള ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും നീതിപൂർവകവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനും സൗദി അവർക്കൊപ്പം നിൽക്കുകയാണെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ അറിയിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇസ്രായേലിനെ ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്ത സൗദി അറേബ്യ, പ്രശ്നങ്ങൾ പരിഹരിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണനിലയിലാക്കാൻ യുഎസുമായി ധാരണയിലെത്തിയിരുന്നു.
സൗദി- യുഎസ് പ്രതിരോധ കരാറിനൊപ്പമുള്ള ധാരണയുടെ ഭാഗമായി പലസ്തീൻ വിഷയത്തിൽ ഇസ്രയേൽ വിട്ടുവീഴ്ചയ്ക്കൊരുങ്ങുമെന്നും സൂചനകൾ വന്നിരുന്നു. ഇതിനിടെയാണ് അതിർത്തികടന്നുള്ള ഹമാസിന്റെ ഭീകരാക്രമണം.
ഇസ്രയേൽ – സൗദി ബന്ധം വഷളാകാൻ കണക്കുകൂട്ടിയാണ് ഹമാസ് ആക്രമണം നടത്തിയതെന്നും ഊഹാപോഹങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിനിടെയാണ് സൗദിയുടെ പ്രതികരണം.
സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം പലസ്തീൻ പ്രശ്നം വളരെ പ്രധാനപ്പെട്ടതാണ് എന്ന് മുഹമ്മദ് രാജകുമാരൻ കഴിഞ്ഞ മാസം പ്രതികരിച്ചിരുന്നു. നമുക്ക് ആ ഭാഗം പരിഹരിക്കേണ്ടതുണ്ടെന്നും പലസ്തീനികളുടെ ജീവിതം സുഗമമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദൽ ഫത്താഹ് അൽ-സിസി, ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ എന്നിവരുമായും മുഹമ്മദ് രാജകുമാരൻ ഫോണിലൂടെ ഇസ്രയേൽ- പലസ്തീൻ പ്രതിസന്ധിയെക്കുറിച്ച് സംസാരിച്ചതായും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.