വാഷിംഗ്ടണ്‍: ഹമാസ് വെള്ളിയാഴ്ച 24 ബന്ദികളെ മോചിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്.’ ഇത് ഒരു തുടക്കം മാത്രം’ എന്നാണ് ബൈഡന് ബന്ദികളുടെ മോചനത്തെ വിശേഷിപ്പിച്ചത്.
മസാച്ചുസെറ്റ്സിലെ നാറ്റുക്കെറ്റില് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണ് ബൈഡന് ഇക്കാര്യം പറഞ്ഞത്.ഇസ്രയേലും പലസ്തീനും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തിന് അറുതി വരുത്താനും ഇരു രാജ്യങ്ങള്‍ തമ്മില്‍ സമാധാനം പുനഃസ്ഥാപിക്കാനുമുള്ള സമയമാണിതെന്ന് ബൈഡന് പറഞ്ഞു.
13 ഇസ്രയേലികളും 10 തായ്ലന്‍ഡുകാരും ഒരു ഫിലിപ്പിനോയും ഉള്‍പ്പെടെ 24 പേരെയാണ് വെള്ളിയാഴ്ച ഹമാസ് മോചിപ്പിച്ചത്.
ഇതിനു പകരമായി ഇസ്രയേലിലെ ജയിലില്‍ കഴിഞ്ഞിരുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള 39 തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു.
ഇസ്രയേലും ഗാസയെ നിയന്ത്രിക്കുന്ന ഹമാസും തമ്മിലുള്ള രക്തരൂക്ഷിതമായ പോരാട്ടം നിര്‍ത്തിവയ്ക്കാന്‍ സഹായകമായത് ബൈഡന്റെ നേതൃത്വത്തിലുള്ള യുഎസിന്റെ ഇടപെടലാണ്.
ഇപ്പോഴത്തെ സമാധാന സന്ധി കൂടുതല്‍ നീണ്ടു നില്ക്കാന് സാധ്യതയേറെയാണെന്നും ബൈഡന് വ്യക്തമാക്കി.
ഈയൊരു ദൗത്യത്തിനായി ഏതാനും ദിവസമായി തങ്ങള്‍ പരിശ്രമിക്കുകയാണെന്നും ഇതൊരു തുടക്കം മാത്രമാണെന്നും കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശുഭകരമാവുമെന്നും ബൈഡന് പ്രത്യാശിച്ചു.
ഹമാസ് ഒക്ടോബര്‍ ഏഴിന് ഇസ്രയേലിന്റെ അതിര്‍ത്തി കടന്നു നടത്തിയ ആക്രമണത്തില്‍ 1400ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. 240 പേരെ ഹമാസ് ഭീകരര്‍ ബന്ദികളായി പിടിച്ചു കൊണ്ടു പോവുകയും ചെയ്തു.
തുടര്‍ന്ന് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടത് 15,000ല്‍ അധികം ആളുകളാണ്. ഇതില്‍ തന്നെ 6,150 പേര് കുട്ടികളാണ്.