ടെൽ അവീവ്: ഹമാസ് ഭീകരരുടെ പിടിയിലായിരുന്നപ്പോൾ അനുഭവിച്ച കൊടിയ യാതനകൾ ലോകത്തോടു തുറന്നുപറഞ്ഞ് മുൻ ബന്ദി അമിത് സൂസാന. കഴിഞ്ഞവർഷം ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രയേലിൽ കടന്നുകയറിയ ഹമാസ് തീവ്രവാദികൾ അഭിഭാഷകയായ അമിത് സൂസാനയെ അവരുടെ വീട്ടിൽനിന്നാണു പിടികൂടിയത്.
പത്തോളം വരുന്ന സായുധസംഘം ഗാസയിലൂടെ വലിച്ചിഴച്ചും മർദിച്ചും ഒരു കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. ഏതാണ്ട് രണ്ടു മാസത്തോളം നീണ്ട നരകയാതനകൾക്കുശേഷം നവംബർ 30നാണ് അമിത് സൂസാന മോചിതയായത്.
ബന്ദിയാക്കപ്പെട്ട കാലത്തെ ജീവിതം പിന്നീട് അവർ രണ്ടു ഡോക്ടർമാർക്കും സാമൂഹ്യപ്രവർത്തകയ്ക്കും മുന്നിൽ വെളിപ്പെടുത്തിയിരുന്നു.
അമിത് സൂസാനയുമായി എട്ടു മണിക്കൂറോളം സംസാരിച്ചശേഷം തയാറാക്കിയ അഭിമുഖം ചൊവ്വാഴ്ച ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചതോടെയാണ് ബന്ദികൾക്കുനേരേ ഹമാസ് തീവ്രവാദികൾ നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ പുറംലോകം അറിയുന്നത്.അവശേഷിക്കുന്ന ബന്ദികളെയും മോചിപ്പിക്കാൻ രാജ്യാന്തര സമൂഹം ഇടപെടണമെന്ന് വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഇസ്രയേൽ സേന ആവശ്യപ്പെട്ടു.
ബന്ദികൾ ലൈംഗികാതിക്രമം ഉൾപ്പെടെ നേരിടുന്നുണ്ടെന്ന് യുഎന്നിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് സൂസാനയുടെ വെളിപ്പെടുത്തൽ.
ബന്ദിയാക്കപ്പെട്ടശേഷം കാവൽനിൽക്കുന്നയാൾ നിരന്തരം ലൈംഗികജീവിതത്തെക്കുറിച്ച് ചോദിച്ചതായി അഭിമുഖത്തിൽ സൂസാന പറയുന്നുണ്ട്. ഇടത് കണങ്കാലിൽ ചങ്ങലയിട്ടശേഷം ഒരു ചെറിയ മുറിയിലാണ് തന്നെ പാർപ്പിച്ചിരുന്നത്. കാവൽക്കാരൻ അകത്തുകടന്ന് കട്ടിലിൽ ഒപ്പമിരുന്ന് വസ്ത്രം മാറ്റാൻ ശ്രമിച്ചിരുന്നു.
ആർത്തവ ദിവസങ്ങളെക്കുറിച്ച് ആവർത്തിച്ചു ചോദിച്ച കാവൽക്കാരൻ കുളിമുറിയിലേക്കു പോകുന്പോൾപ്പോലും ആക്രമിക്കാൻ ശ്രമിച്ചിരുന്നു. തോക്കിൻ മുനയിൽ നിർത്തി തന്റെ ഇംഗിതത്തിന് അനുസരിച്ച് പ്രവർത്തിക്കാനും കാവൽക്കാരൻ നിർബന്ധിച്ചുവെന്ന് അവർ പറഞ്ഞു.
സൂസാന ഉള്‍പ്പെടെ 250 ഇസ്രയേലികളെയാണ് ഒക്ടോബര്‍ ഏഴിന് ഹമാസ് ബന്ദികളാക്കിയത്. ഇതില്‍ 130 പേരെങ്കിലും ഗാസ മുനമ്പില്‍ അവശേഷിക്കുന്നുണ്ട്. ഏതാനും പേര് മരിച്ചിട്ടുണ്ടാകാം. ബന്ദികളില്‍ കുറഞ്ഞത് 14 സ്ത്രീകളെങ്കിലും കാണുമെന്നും അനുമാനിക്കുന്നു.