ടെൽ അവീവ്: ഇസ്രയേലിൽനിന്ന് ഹമാസ് ബന്ദികളാക്കിയവരിൽ ഒരാളായ ഇസ്രയേൽ-ജർമൻ വംശജ ഷാനി ലൗക്ക് (22) മരിച്ചെന്ന് കുടുംബം .
ഷാനിയുടെ തലയോട്ടിയുടെ കഷണത്തിൽനിന്നെടുത്ത ഡിഎൻഎ സാംപിൾ പരിശോധിച്ച് ഇസ്രയേൽ പട്ടാളമാണ് മരണമുറപ്പിച്ചതെന്ന് അവരുടെ അമ്മ റിക്കാഡ ലൗക്ക് തിങ്കളാഴ്ച ജർമൻ മാധ്യമങ്ങളോടു പറഞ്ഞു.
എന്നാൽ ഷാനിയുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ല. തലയോട്ടിയുടെ കഷണം കിട്ടിയത് എവിടെനിന്നാണെന്ന കാര്യത്തിലും വ്യക്തതയില്ല.
ഈ മാസം ഏഴിന് ഇസ്രയേലിൽ കടന്നുകയറിയ ഹമാസ് 1400 പേരെ വധിക്കുകയും 240ഓളം പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. റെയിം കിബുത്സിനടുത്ത് ഹമാസ് കൂട്ടക്കുരുതി നടത്തിയ സൂപ്പർനോവ സംഗീതോത്സവത്തിന് ഷാനിയും പോയിരുന്നു. ഇവിടെമാത്രം 260-ലേറെപ്പേരാണ് കൊല്ലപ്പെട്ടത്.
കമിഴ്ന്നുകിടക്കുന്ന ചെറുപ്പക്കാരിയുടെ നഗ്നശരീരവും വഹിച്ചുകൊണ്ട് ഹമാസിന്റെ ട്രക്ക് തെരുവുചുറ്റുന്നതിന്റെ വീഡിയോ ആക്രമണത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
അത് ഷാനിയാണെന്ന് കുടുംബം പറഞ്ഞിരുന്നു. പിന്നീട് ഇതു തിരുത്തി. മകൾ ജീവനോടെയുണ്ടെന്ന് കരുതുന്നതായി അമ്മ റിക്കാഡ പറഞ്ഞിരുന്നു. ഗാസയിലേക്ക് പോകുന്ന കാറിൽ അബോധാവസ്ഥയിൽ മകളിരിക്കുന്ന വീഡിയോ കണ്ടുവെന്നും അവർ പറഞ്ഞു.
എന്നാൽ, ഏഴിനുതന്നെ മകൾ വെടിയേറ്റുമരിച്ചുവെന്നാണ് ഇപ്പോൾ വിചാരിക്കുന്നതെന്ന് റിക്കാഡ ജർമൻ വാർത്താചാനലിനോട് പറഞ്ഞു.
ഷാനിയുടെ സുഹൃത്തും മെക്സിക്കോക്കാരനുമായ ഒറിയോൺ ഹെർണാണ്ടസ് റാഡോയെയും ഹമാസ് ബന്ദിയാക്കി എന്നാണു കരുതുന്നത്. ആക്രമണശേഷം റാഡോയുടെ ഫോണിൽനിന്ന് അറബിഭാഷയിൽ സന്ദേശങ്ങൾ വന്നതാണ് ഇങ്ങനെ കരുതാൻ കാരണം.