ദാവോസ്: ഹമാസ് ഭീകരർ നടത്തിയ ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരേ ശക്തമായ നിയമനടപടികൾ ഉണ്ടാകണമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. എല്ലാ ബന്ദികളെയും അടിയന്തരമായി വിട്ടയയ്ക്കാൻ ഹമാസ് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹമാസ് വിട്ടയച്ച ബന്ദികളുമായി സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഗുട്ടെറസ് ഇക്കാര്യം വ്യക്തമാക്കിയത്. വിട്ടയച്ച ബന്ദികളും ബന്ദികളാക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളുമാണ് ദാവോസിൽ നടക്കുന്ന ലോക സാന്പത്തിക ഫോറം ഉച്ചകോടിക്കായി എത്തിയ യുഎൻ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തിയത്.
ഹമാസിന്റെ തടവിൽ തങ്ങൾക്കു നേരിട്ട ദുരനുഭവങ്ങൾ ബന്ദികൾ വിവരിച്ചു. ഹമാസ് തടവിലാക്കിയ ബന്ദികളുടെ മോചനം സാധ്യമാക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്ന് ബന്ദികളുടെ കുടുംബാംഗങ്ങൾ ഗുട്ടെറസിനോട് ആവശ്യപ്പെട്ടു.