ടെൽ അവീവ്: ഇസ്ലാമിക് സ്റ്റേറ്റിനേക്കാൾ കൊടും ഭീകരരാണ് ഹമാസിലുള്ളതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഹമാസ് തെക്കൻ ഇസ്രയേലിൽ നടത്തിയതു കശാപ്പാണ്.
ഹമാസിന്റെ ദുഷ്ചെയ്തികൾ വച്ചുനോക്കിയാൽ ഇസ്ലാമിക് സ്റ്റേറ്റിന് കുറച്ചെങ്കിലും ബോധമുണ്ടെന്നു തോന്നിപ്പോകുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു. ഇസ്രയേലിന് ഐക്യദാർഢ്യവുമായി ടെൽ അവീവിലെത്തിയ ബൈഡൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം വാർത്താസമ്മേളനം നടത്തുകയായിരുന്നു.
അൽ അഹ്ലി അറബ് ആശുപത്രിക്കു നേർക്കുണ്ടായ ആക്രമണത്തിനു പിന്നിൽ പലസ്തീൻ തീവ്രവാദികളാണെന്നും ബൈഡൻ സൂചിപ്പിച്ചു. ആശുപത്രിയിലെ സ്ഫോടനത്തിൽ അങ്ങേയറ്റം ദുഃഖിതനും രോഷാകുലനുമാണെന്ന് ബൈഡൻ പറഞ്ഞു. “പക്ഷേ, ഞാൻ കണ്ടതുവച്ച് ഇത് മറ്റേ ടീം ചെയ്ത പണിയാണ്. ഇസ്രയേലല്ല ഇതിനു പിന്നിൽ”.
1400നു മുകളിൽ ഇസ്രേലികളാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് നെതന്യാഹു ബൈഡനോടു പറഞ്ഞു. അമേരിക്കയുടെ ഉറച്ച പിന്തുണയ്ക്കും സ്വയംപ്രതിരോധത്തിനായി നല്കുന്ന സഹായങ്ങൾക്കും ഇസ്രയേൽ നന്ദി പറയുന്നു. യുദ്ധകാലത്ത് ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യ യുഎസ് പ്രസിഡന്റാണ് ബൈഡനെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
ഇസ്രയേലിന്റെ സുരക്ഷയ്ക്കുവേണ്ട എന്തും അമേരിക്ക നല്കുമെന്ന് ബൈഡൻ പ്രതികരിച്ചു. നാസി കൂട്ടക്കൊലയ്ക്കു ശേഷം യഹൂദസമുദായം നേരിട്ട ഏറ്റവും വലിയ ഭീകരതയാണിത്.
ഹമാസിന്റെ പക്കലുള്ള ഇസ്രേലി ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കുന്നതിനാണ് മുൻഗണന. യഹൂദരുടെ സുരക്ഷിത രാജ്യമാണ് ഇസ്രയേൽ. ഇസ്രയേലിനു വേണ്ടി മുന്പു കണ്ടിട്ടില്ലാത്ത പ്രതിരോധ പാക്കേജ് അമേരിക്ക പ്രഖ്യാപിക്കുമെന്നും ബൈഡൻ പറഞ്ഞു.
ടെൽ അവീവിൽ വിമാനമിറങ്ങിയ ബൈഡനെ നെതന്യാഹു നേരിട്ടാണ് സ്വീകരിച്ചത്. വിമാനത്താവളത്തിൽ ഹസ്തദാനത്തിനു മുതിർന്ന ബൈഡനെ നെതന്യാഹു ആലിംഗനം ചെയ്തു സ്വീകരിക്കുകയായിരുന്നു.
ഹമാസിനെ വരിഞ്ഞുമുറുക്കാൻ യുഎസ്
ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഇരുപക്ഷത്തും ആക്രമണവും ആൾനാശവും തുടരുന്നതിനിടെ ഹമാസിനെ വരിഞ്ഞുമുറുക്കാനുള്ള നടപടികളിലേക്ക് യുഎസ് കടന്നു.
ഹമാസിന്റെ പത്ത് അംഗങ്ങൾക്കും ഗാസയിലും സുഡാനിലും തുർക്കിയിലും അൾജീരിയയിലും ഖത്തറിലുമായി പ്രവർത്തിക്കുന്ന സാന്പത്തിക കേന്ദ്രങ്ങൾക്കും ഉപരോധം ഏർപ്പെടുത്തിയതായി യുഎസ് ട്രഷറി വകുപ്പ് വ്യക്തമാക്കി.
ഇറാൻ ഭരണകൂടവുമായി അടുത്ത ബന്ധമുള്ള ഖത്തറിലെ ഒരു സാന്പത്തിക ഇടപാടുകാരൻ, ഹമാസിന്റെ ഒരു മുതിർന്ന കമാൻഡർ, ഗാസയിലെ ഒരു കറൻസി ഇടപാട് സ്ഥാപനം എന്നിവ ഇതിലുൾപ്പെടും.
ഹമാസിന്റെ സാന്പത്തികസ്രോതസിന്റെ സിംഹഭാഗവും ഇറാനിൽനിന്നാണ്. ഇസ്രേലി ജനതയ്ക്കു നേരേ തുടരുന്ന ആക്രമണമാണ് അതിവേഗത്തിൽ ശക്തമായ നടപടികൾക്കു കാരണമെന്ന് ട്രഷറി സെക്രട്ടറി ജാനെറ്റ് യെല്ലൻ പറഞ്ഞു.