ഇസ്രയേലിൽനിന്ന് തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയവരിൽ ഒരാളുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്. ഇസ്രേലി യുവതി 21കാരിയായ മിയ ഷെമ്മിന്റെ വീഡിയോയാണു കഴിഞ്ഞ രാത്രിയിൽ പുറത്തുവിട്ടത്.
ഭീകരർ ബന്ദിയാക്കിവച്ചിരിക്കുന്ന തന്റെ മകളെ വിട്ടുതരാൻ ലോകത്തോട് യാചിക്കുകയാണെന്ന് ഹമാസ് ബന്ദിയാക്കിയ മിയ ഷെമ്മിന്റെ അമ്മ കെരെൻ ഷെം.
തിങ്കളാഴ്ച രാത്രിയിൽ ഹമാസ് പുറത്തുവിട്ട മകളുടെ വീഡിയോ കണ്ട് ഒരുനിമിഷം താൻ പൊട്ടിക്കരഞ്ഞെന്നും പിന്നീട് വീഡിയോ പലകുറി കണ്ട് മകളുടെ ക്ഷേമത്തിനായി എന്തു ചെയ്യാനാകുമെന്നായിരുന്നു പിന്നീടത്തെ ആലോചനയെന്നും, ഹമാസ് ബന്ദികളാക്കിയ ഇസ്രേലികളുടെ പ്രതിനിധികൾ നടത്തിയ പത്രസമ്മേളനത്തിൽ കെരെൻ ഷെം പറഞ്ഞു.
ഏതായാലും മകൾ ജീവനോടെ ഇരിക്കുന്നതിൽ സന്തോഷമുണ്ട്. ബന്ദികളുടെ സുരക്ഷയിൽ ആശങ്കയുണ്ട്. ബന്ദികളുടെ സുരക്ഷിത മോചനത്തിനായി ലോകനേതാക്കൾ ഇടപെടണം. മകൾ വളരെ ഭയന്നാണ് ഇരിക്കുന്നതെന്നു വ്യക്തമാണ്.
അവൾ ഒരുപാട് വേദന അനുഭവിച്ചിട്ടുണ്ടാകും. മകളുടെ ചുമലിന് വെടിയേറ്റെന്നാണ് പലരും പറയുന്നത്. വീഡിയോ കാണുന്നതുവരെ മകൾ മരിച്ചോ അതോ ജീവനോടെ ഉണ്ടോ എന്നതിനെക്കുറിച്ച് ആർക്കും ഒരു വിവരവുമില്ലായിരുന്നു.
രാഷ്ട്രീയത്തിനുപരി ഇതു തിന്മയും ഭീകരതയും മനുഷ്യത്വരഹിതവുമാണ്. ഇന്നു ഞങ്ങൾക്കാണ് ഈ ദുരനുഭവമുണ്ടായതെങ്കിൽ നാളെ മറ്റുള്ളവർക്കും സംഭവിക്കാം. -കെരെൻ ഷെം പറഞ്ഞു.