ബെയ്റൂട്ട്: സോവിയറ്റ് യൂണിയൻ പോലെ ഒരു ദിവസം യുഎസ്എയും തകരുമെന്ന മുന്നറിയിപ്പുമായി ഹമാസ് നേതാവ് അലി ബരാക്ക. നവംബർ രണ്ടിന് ഒരു ലെബനീസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അലി ബരാക ഇക്കാര്യം പറഞ്ഞത്. ബ്രിട്ടനും ഗ്ലോബൽ ഫ്രീമേസൺറിയും ചേർന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് സ്ഥാപിച്ചത്. സോവിയറ്റ് യൂണിയനെപ്പോലെ അതും തകരും.
അമേരിക്കയുടെ എല്ലാ ശത്രുക്കളും കൂടിയാലോചിക്കുകയും അവർ തമ്മിൽ അടുക്കുകയും ചെയ്യുകയാണ്. അവർ ഒരുമിച്ച് യുദ്ധത്തിൽ പങ്കുചേരുന്ന ഒരു ദിവസം വന്നേക്കാം. അത് അമേരിക്കയെ ഭൂതകാലമാക്കി മാറ്റും.
അമേരിക്ക ശക്തരായി തുടരില്ല. അലി ബാരക്ക മുന്നറിയിപ്പ് നൽകി. ഉത്തരകൊറിയയെയും അലി ബരാക്കയും പ്രശംസിച്ചു. അമേരിക്കയെ ആക്രമിക്കാൻ കഴിയുന്ന ലോകത്തിലെ ഒരേയൊരു വ്യക്തിയാണ് ഉത്തരകൊറിയയുടെ നേതാവെന്നും അലി ബരാക്ക പ്രതികരിച്ചു.
ഹമാസ് പ്രതിനിധി സംഘം അടുത്തിടെ മോസ്കോയിലേക്ക് പോയതായും ഒരാൾ ബെയ്ജിംഗിലേക്കും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘റഷ്യ ദിവസവും ഞങ്ങളെ ബന്ധപ്പെടുന്നുണ്ട്.
ചൈന ദോഹയിലേക്ക് ദൂതന്മാരെ അയച്ചു. ചൈനയും റഷ്യയും ഹമാസിന്റെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഒരു ഹമാസ് പ്രതിനിധി സംഘം മോസ്കോയിലേക്ക് പോയി, ഉടൻ തന്നെ മറ്റൊരുപ്രതിനിധി സംഘം ബെയ്ജിംഗിലേക്കും പോകും.’ അലി ബരാക്കയെ ഉദ്ധരിച്ച് ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
അമേരിക്കയെ ആക്രമിക്കാനുള്ള ശേഷി ഇറാനില്ല. ഇറാൻ ഇടപെടാൻ തീരുമാനിച്ചാൽ, സയണിസ്റ്റ് ശക്തികളെയും മേഖലയിലെ അമേരിക്കൻ താവളങ്ങളും ആക്രമിക്കാൻ കഴിയും. നിലവിൽ അമേരിക്കയിൽ എത്താൻ കഴിയുന്ന ആയുധങ്ങൾ ഇറാന്റെ പക്കലില്ല, പക്ഷേ അമേരിക്ക വ്യക്തമായി ഇടപെടൽ നടത്തിയാൽ ഇസ്രായേലിനെയും ഈ മേഖലയിലെ അമേരിക്കൻ താവളങ്ങളെയും കപ്പലുകളെയും ആക്രമിക്കാൻ ഇറാന് കഴിയും -അലി ബരാക്ക പറഞ്ഞു.