ഗാസ: ഇസ്രയേൽ-ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്ന ഗാസ പ്രദേശം കുട്ടികളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണെന്നു ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.
വെടിനിർത്തൽ നിർദേശങ്ങൾ തള്ളി യുദ്ധം തുടരുന്ന സാഹചര്യത്തിലാണ് ഗുട്ടെറസിന്റെ വിമർശനം. അതിനിടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനായിരം കടന്നു. ഇതിൽ 4,237 പേരും കുട്ടികളാണ്. 2,719 സ്ത്രീകളും ഉൾപ്പെടുന്നു.
ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചില്ലെങ്കിൽ യുദ്ധം ശക്തമാക്കുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാട്. ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം ഇന്നലെ നടത്തിയ ആക്രമണത്തിൽ നിരവധി ഹമാസ് പ്രവർത്തകർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. വടക്കൻ ഗാസയിൽ ഭക്ഷ്യവസ്തുക്കളും ഇന്ധനവും തീരുകയാണ്.
വെടിനിർത്തൽ ചർച്ചചെയ്യാനായി ചേർന്ന യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. ഇതിനിടെ ഗാസയിൽ ഫീൽഡ് ആശുപത്രി സജ്ജമാക്കാൻ യുഎഇ തീരുമാനിച്ചു.
യുഎഇ പ്രസിഡന്റിന്റെ നിർദ്ദേശം പ്രകാരം ആശുപത്രി സാമഗ്രികളുമായി അഞ്ച് വിമാനങ്ങൾ ഗാസയിൽ എത്തും. കഴിഞ്ഞമാസം ഏഴിന് ഹമാസ് സായുധസംഘം ഇസ്രയേൽ അതിർത്തി കടന്നു നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഗാസയിൽ ഇസ്രയേൽ ആക്രമണം തുടങ്ങിയത്.