ടെൽ അവീവ്: ഹമാസ് ഭീകരരുടെ തോക്കുകളുടെയും ഗ്രനേഡുകളുടെയും മുന്പിൽ പതറാതെ നിന്ന വീട്ടമ്മ ഇസ്രയേലിൽ താരമായി.
ഗാസയിൽനിന്ന് 25 മൈൽ അകലെയുള്ള ഒഫാക്കിമിൽ താമസിക്കുന്ന 65കാരിയായ റേച്ചൽ അഡ്രിയാണു ധൈര്യത്തിലൂടെ മാത്രം ജീവിതത്തിലേക്ക് തിരിച്ചുവരികയും ഭർത്താവിന്റെ ജീവൻ രക്ഷപ്പെടുത്തുകയും ചെയ്തത്.
20 മണിക്കൂറാണ് ഭീകരർക്കു മുന്പിൽ മരണത്തെ മുഖാമുഖം കണ്ടു റേച്ചലും ഭർത്താവ് ഡേവിഡും പതറാതെ നിന്നത്.
ഭീകരാക്രമണം നടന്ന കഴിഞ്ഞ ഏഴിനു രാവിലെ ഗ്രനേഡുകളും തോക്കുകളുമായെത്തിയ അഞ്ചു ഭീകരർ വീട്ടിലേക്ക് ഇരച്ചുകയറി റേച്ചലിനെയും ഡേവിഡിനെയും ബന്ദികളാക്കുകയായിരുന്നു.
എന്നാൽ, ഭീകരരെ കാപ്പി കൊടുത്തും പൈനാപ്പിൾ നൽകിയും മൊറോക്കൻ മധുരപലഹാരങ്ങൾ നൽകിയും സംഗീതം കേൾപ്പിച്ചുമൊക്കെ റേച്ചൽ വരുതിയിലാക്കുകയായിരുന്നു. ഹീബ്രുവും അറബിയും പരസ്പരം പഠിപ്പിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്ത് അവരുടെ ശ്രദ്ധ തിരിക്കുകയും ചെയ്തു.
ഒരു ഭീകരൻ കൊക്കകോള ചോദിച്ചപ്പോൾ അതും നൽകി. അവസാനം സുരക്ഷാസേന വീടു തകർത്ത് ഭീകരരെ വധിക്കുന്നതുവരെ റേച്ചലും ഭർത്താവും അതിഥികളോടെന്നപോലെ പെരുമാറി അവരെ കബളിപ്പിച്ചുകൊണ്ടിരുന്നു.
കുശലം പറഞ്ഞും ഭക്ഷണം നൽകിയും സമയം പോയപ്പോൾ ഒരുവേള ഇവരെല്ലാം ഭീകരരാണെന്ന കാര്യം മറന്നുപോയെന്നാണ് റേച്ചൽ പറഞ്ഞത്.
പ്രദേശത്തു ഭീകരർ എത്തിയ വിവരമറിഞ്ഞു ദന്പതികളുടെ പോലീസ് ഓഫീസറായ മകൻ എവി 20 മണിക്കൂറിനുശേഷം വീട്ടിലേക്ക് എത്തുമ്പോൾ കാണുന്ന കാഴ്ച സായുധരായ ഭീകരർ തന്റെ മാതാപിതാക്കളെ ബന്ദികളാക്കി വച്ചിരിക്കുന്നതാണ്.
വീട്ടിൽ അഞ്ചു ഭീകരരുണ്ടെന്ന് റേച്ചൽ മകനോട് തന്റെ അഞ്ച് വിരലുകൾകൊണ്ട് ആംഗ്യം കാണിച്ചു. എവി അറിയിച്ചതു പ്രകാരം പിന്നീട് സ്പെഷൽ വെപ്പൺസ് ആൻഡ് ടാക്റ്റിക്സ് (സ്വാറ്റ്) സംഘം എത്തി ഭീകരരെ വകവരുത്തുകയായിരുന്നു.
റേച്ചലിന്റെ അതിശയകരമായ അതിജീവനത്തിന്റെ കഥ ഇസ്രയേലിൽ പ്രചരിച്ചതോടെ കഴിഞ്ഞദിവസം ടെൽ അവീവിലെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അവരെ നേരിട്ട് അഭിനന്ദിച്ചു.
റേച്ചലിന്റെ ധൈര്യത്തെ പ്രകീർത്തിച്ച ബൈഡൻ രാജ്യത്തെ രക്ഷിച്ച അവരുടെ ധൈര്യത്തെ അഭിനന്ദിക്കുകയും ചെയ്തു. വീടിനടുത്ത ട്സെലിമിലെ സൈനിക ക്യാന്പിൽ കാന്റീൻ നടത്തുകയാണ് റേച്ചൽ.