ടെല്‍ അവീവ്: ഗാസയ്ക്കു മേല്‍ ഹമാസിനുണ്ടായിരുന്ന നിയന്ത്രണം നഷ്ടമായെന്ന അവകാശവാദവുമായി ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ്.
ഹമാസ് ഇസ്രയേലില്‍ ആക്രമണം നടത്തിയിട്ട് ഒരു മാസം പിന്നിടുമ്പോഴാണ് ഇസ്രയേല്‍ മന്ത്രി ഇങ്ങനെയൊരു പ്രസ്താവന നടത്തിയിരിക്കുന്നത്.
ഹമാസിന് ഗാസയുടെ മേലുണ്ടായിരുന്ന നിയന്ത്രണം നഷ്ടമായിരിക്കുന്നുവെന്നും തീവ്രവാദികള്‍ തെക്കോട്ടോടിയിരിക്കുകയാണെന്നും ജനങ്ങള്‍ ഹമാസിന്റെ കേന്ദ്രങ്ങള്‍ കൊള്ളയടിക്കുകയാണിപ്പോഴെന്നും മന്ത്രി പറഞ്ഞു.
പ്രത്യേകിച്ച് തെളിവൊന്നും ഹാജരാക്കാതെയായിരുന്നു മന്ത്രിയുടെ അവകാശവാദം. ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ഗാലന്റ് കൂട്ടിച്ചേര്‍ത്തു.
ചരിത്രത്തിലെ തന്നെ ഏറ്റവും രക്തരൂക്ഷിതമായ യുദ്ധമാണ് ഗാസയില്‍ ഇപ്പോള്‍ അരങ്ങേറുന്നത്. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ആക്രമണം നടത്തിയ ഹമാസ് ഏകദേശം 1,200 ആളുകളെ കൊന്നൊടുക്കുകയും 240ഓളം ആളുകളെ ബന്ദികളാക്കി പിടികൂടുകയുമായിരുന്നു.
തുടര്‍ന്ന് ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഗാസയിലെ ആശുപത്രികളടക്കം തകര്‍ന്നിരുന്നു. വടക്കന്‍ ഗാസയിലെ എല്ലാ ആശുപത്രികളും വൈദ്യുത ദൗര്‍ലഭ്യം മൂലം പ്രവര്‍ത്തനം അവസാനിപ്പിച്ചതായി ഹമാസ് സര്‍ക്കാരിലെ ഉപ ആരോഗ്യമന്ത്രി യൂസഫ് അബുറിഷ് പറഞ്ഞു.
വളര്‍ച്ചയെത്താത്ത ഏഴ് നവജാത ശിശുക്കളും 27 രോഗികളും കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ഷിഫയില്‍ മരിച്ചതായും അബുറിഷ് പറഞ്ഞു.
അതേസമയം തന്നെ ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ലെബനീസ് ഭീകരസംഘടന ഹിസ്ബുള്ളയുമായുള്ള പോരാട്ടം ഇസ്രയേല്‍ സേന തുടരുകയാണ്.