ഫേസ്ബുക്കിലൂടെ കണ്ടുമുട്ടിയ പെണ്‍കുട്ടിയുമായി കടുത്ത പ്രണയം, വിസ കിട്ടാതെ വന്നതോടെ സാഹസികമായി പാക്കിസ്ഥാനിലെത്തിയ ഹമീദ് പക്ഷേ പെട്ടു, ഒരു അതിര്‍ത്തി പ്രണയത്തിന്റെ ബാക്കിപത്രം

പ്രണയം തലയ്ക്കു പിടിച്ചാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും. എന്നാല്‍ ഇവിടെ ഹമീദ് അന്‍സാരിയെന്ന യുവാവ് ചെയ്തത് കുറച്ചു കടന്നുപോയി. പ്രണയിനിയെ സ്വന്തമാക്കാന്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലെത്തി ഒടുവില്‍ ജയിലിലായ കഥ ഇങ്ങനെ- മുംബൈ സ്വദേശിയായ ഹമീദ് പാക്കിസ്ഥാനിലുള്ള പെണ്‍കുട്ടിയുമായി കണ്ടുമുട്ടുന്നത് ഫേസ്ബുക്കിലൂടെ. ഇതിനിടെ പരിചയം പ്രണയത്തിന് വഴിമാറി. അതും കൊടുംപ്രണയം. എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞത് പെട്ടെന്നാണ്. തന്റെ വിവാഹം നടത്താന്‍ പിതാവ് ഒരുങ്ങുകയാണെന്ന് പെണ്‍കുട്ടി ഹമീദിനെ അറിയിച്ചു. ഇതോടെയാണ് യുവാവിന്റെ സാഹസികത ആരംഭിക്കുന്നത്.

വിസയ്ക്കായി പാക് എംബസിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. വിസ നിഷേധിക്കപ്പെട്ടതോടെ മുംെബെയില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്കു കടന്നു. പാകിസ്താനിലേക്കു നുഴഞ്ഞുകയറിയ അന്‍സാരി കോഹട്ടിലെ ഹോട്ടലില്‍നിന്ന് 2012 നവംബര്‍ 14-നു പിടിയിലായി. ചാരക്കുറ്റം ചുമത്തി പാക് പട്ടാളക്കോടതി 2015 ഡിസംബര്‍ 15-ന് മൂന്നു വര്‍ഷം കഠിനതടവ് വിധിച്ചു.

ഈ കാലാവധി തീരാന്‍ ഒരു വര്‍ഷം ശേഷിക്കെയാണു കരുണ തേടി ഫൗസിയ പാക് പ്രസിഡന്റിനു കത്തെഴുതിയത്. ശിക്ഷ വിധിക്കപ്പെടുന്നതിനു മുമ്പ് ജയിലില്‍കിടന്ന കാലം കൂടി ശിക്ഷയായി കണക്കാക്കി മോചിപ്പിക്കണമെന്നാണ് അഭ്യര്‍ഥന. വിദേശീയര്‍ക്കു പോലും ഇളവ് നല്‍കിയ ചരിത്രം പാകിസ്താനുണ്ടെന്നും അന്‍സാരിയെ വിട്ടയയ്ക്കുന്നത് ഇന്ത്യന്‍ ജയിലുകളിലെ പാകിസ്താന്‍കാരുടെ മോചനത്തിനു സഹായകമാകുമെന്നും കത്തില്‍ ഫൗസിയ ചൂണ്ടിക്കാട്ടുന്നു.

Related posts