കല്ലുകൾ കൊണ്ട് വിസ്മയം തീർത്ത ഹംപിയെന്ന പുരാതന നഗരം മാടിവിളിക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറെയായിരുന്നു. പണ്ട് പുസ്തകത്താളുകളിലൂടെ അറിഞ്ഞ ആ ചരിത്ര അവശേഷിപ്പുകളെ ഒരിക്കലെങ്കിലും കാണണമെന്ന് അന്നേ മനസിൽ കുറിച്ചിരുന്നു. കല്ലുകൾ കഥപറയുന്ന കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന ഒരു പുരാതന നഗരമാണ് കർണാടക ബെല്ലാരി ജില്ലയിലെ തുംഗഭദ്ര നദിക്കരയിൽ നിലകൊള്ളുന്ന ഹംപി.
അപ്രതീക്ഷിതമായാണ് ഇക്കഴിഞ്ഞ ഒക്ടോബർ ഒന്പതിന് അങ്കിളിന്റെ ഫോൺകോൾ എത്തുന്നത്. ഞങ്ങൾ ഹംപിയിലേക്ക് പോകുന്നുണ്ട്… നീ വരുന്നുണ്ടോയെന്ന്… ഞാൻ ആകെ ധർമസങ്കടത്തിലായി… പൂജ അവധിയാതിനാൽ ഞാനും സുഹൃത്തും പാലക്കാട്ടേക്ക് യാത്രപോകാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. അവളോട് കാര്യം പറഞ്ഞു. അവൾ ഡബിൾ ഹാപ്പി… നമ്മൾക്ക് പാലക്കാട് പിന്നെ പോകാം. ആദ്യം ഹംപി നടക്കട്ടേയെന്ന്… പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. എന്നാൽ, ചില കാരണങ്ങളാൽ സുഹൃത്തിന് ഞങ്ങളുടെ കൂടെ വരാൻ കഴിഞ്ഞില്ല.
11ന് രാത്രി ഏഴോടെ കാഞ്ഞങ്ങാട്, മംഗളൂരു, അങ്കോള, ഹുബിളി, ഹോസ്പോട്ട് വഴി വിജയനഗര സാമ്രാജ്യത്തിന്റെ അവശേഷിപ്പുകൾ ഉറങ്ങുന്ന ഹംപിയിലേക്ക് യാത്രതിരിച്ചു. കാഞ്ഞങ്ങാട് നിന്ന് 574 കിലോമീറ്ററുണ്ട് ഹംപിയിലേക്ക്. കർണാടകയിലെ ഗ്രാമങ്ങളിലൂടെയായിരുന്നു യാത്ര.
നെല്ല്, ചോളം, കരിന്പ്, കടല, സൂര്യകാന്തി തുടങ്ങിയവയുടെ നോക്കത്താ ദൂരത്തോളം പടർന്നു കിടക്കുന്ന പാടങ്ങൾ. കാഴ്ചകളെല്ലാം കണ്ട് 12ന് രാവിലെ ഏഴോടെ ഞങ്ങൾ ഹംപിയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള അങ്കിളിന്റെ സുഹൃത്തിന്റെ വീട്ടിലെത്തി. യാത്ര ചെയ്തതിന്റെ ചെറിയ ക്ഷീണം എല്ലാവരേയും അലട്ടുന്നുണ്ടായിരുന്നെങ്കിലും അതൊന്നും ഹംപിയെന്ന ചരിത്രമണ്ണിലെത്താൻ ആരെയും തളർത്തിയിരുന്നില്ല.
ചരിത്രശേഷിപ്പുകളുടെ വിശാലഭൂമി
പതിനാറാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ഏറ്റവും ശക്തമായ സാമ്രാജ്യമായിരുന്ന വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമാണ് ഹംപി. 1336 ലാണ് ഹംപി നഗരം സ്ഥാപിതമായത്. തുംഗഭദ്ര നദിക്കരയിൽ ആരോ എടുത്തുവച്ചപോലുള്ള പാറക്കൂട്ടങ്ങൾക്കും പാറ മലകൾക്കും വയലുകൾക്കും ഇടയിലായി 4,187.24 ഹെക്ടറിൽ ഹംപിയുടെ ചരിത്ര അവശേഷിപ്പുകൾ ഇന്നും ചിതറികിടക്കുന്നുണ്ട്.
എണ്ണിയാലൊടുങ്ങാത്ത ക്ഷേത്രങ്ങളും ശില്പങ്ങളും കൊട്ടാരങ്ങളും മണ്ഡപങ്ങളും സ്മാരകങ്ങളും പടിപ്പുരകളും വൻ കോട്ടകളും ആനക്കൊട്ടിലും കനാലും ജലംസംഭഭരണികളും മറ്റുമായി 1,600ലധികം നിർമിതികളുടെ പലഭാഗങ്ങളായി ഇപ്പോഴും ഇവിടെയുണ്ട്. വിജയനഗര സാമ്രാജ്യത്തിന്റെ പ്രതാപകാലത്ത് ഹംപിയെ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാക്കി മാറ്റാൻ ഓരോ രാജാക്കൻമാരും ശ്രദ്ധിച്ചിരുന്നു.
ഹംപിയെക്കുറിച്ച് സുഹൃത്ത് വിവരിക്കുമ്പോൾ ഞാൻ മനസിൽ ഒരു ചരിത്ര സിനിമ കാണുകയായിരുന്നു. അതിൽ കൃഷ്ണദേവരായർ ഉൾപ്പെടെ എല്ലാ രാജക്കൻമാരും അവരുടെ പോരാട്ടങ്ങളും നിറഞ്ഞു നിന്നു. എവിടെ തിരിഞ്ഞാലും ഇപ്പോൾ ഉരുണ്ടുവീഴുമെന്ന രീതിയിലുള്ള പാറക്കൂട്ടങ്ങളാണ് ഹംപിയിലുള്ളത്. ഒപ്പം മനോഹരങ്ങളായ കൊത്തുപണികളാൽ കടഞ്ഞെടുത്ത കോട്ടകളും ക്ഷേത്രങ്ങളും ജലസംഭരിണികളും കൊട്ടാരങ്ങളും. ഹംപി ഒരുദിവസം കൊണ്ടോ ഒരുമാസം കൊണ്ടോ നമ്മൾക്ക് കണ്ടു തീർക്കാൻ കഴിയില്ല. അത്രയും വിശാലമാണ് അതിന്റെ ഭൂമിശാസ്ത്രം.
കരിങ്കല്ലിലെ വിസ്മയം
വിരൂപാക്ഷ ക്ഷേത്രം, ഹസാരെ രാമക്ഷേത്രം, കൃഷ്ണക്ഷേത്ര സമുച്ചയം, ഹോമകുണ്ഡ, അച്യുതരായ ക്ഷേത്ര സമുച്ചയം, വിത്തല ക്ഷേത്രം, പട്ടാഭിരാമ ക്ഷേത്രം, ലോട്ടസ് മഹൽ കോംപ്ലക്സ് തുടങ്ങി കരിങ്കല്ലിൽ തീർത്ത വിസ്മയങ്ങൾ ഏറെയുണ്ട് ഇവിടെ. ഹംപിയിലെ ഏറ്റവും പഴയതും ആകർഷണീയവുമായ ക്ഷേത്രമാണ് വിരൂപാക്ഷ ക്ഷേത്രം. കല്ലിൽ കൊത്തിയ അപൂർവ ശില്പങ്ങൾ നമ്മൾക്ക് ഇവിടെ കാണാൻ കഴിയും.
150 അടി ഉയരം വരുന്ന രണ്ട് വലിയ ഗോപുരങ്ങളാണ് ഇതിന്റെ പ്രൗഢി കൂട്ടുന്നത്. പതിനൊന്നു നിലകളുള്ള ഗോപുരങ്ങൾ ബിസ്തപയ്യ ഗോപുരങ്ങൾ എന്നാണ് അറിയപ്പെടുന്നത്. ക്ഷേത്ര ഗോപുരത്തിന്റെ പ്രതിബിംബം ഉൾച്ചുവരിൽ പതിക്കുന്ന പിൻഹോൾ കാമറ എന്ന വിദ്യ വിരൂപാക്ഷ ക്ഷേത്രത്തിന്റെ മുഖ്യ ആകർഷണമാണ്.
ദ്രാവിഡ കലാചാതുരിൽ കൊത്തിവച്ച മഹാകാവ്യമാണ് ഇവിടുത്തെ ഹസാരെ രാമ ക്ഷേത്രം. രാമാണയത്തിലെ കഥാ സന്ദർഭങ്ങൾ തുടക്കം മുതൽ ഒടുക്കം വരെ കല്ലിൽ കൊത്തിവച്ചിട്ടുണ്ട്. ശ്രീരാമന്റെ ജനനം മുതൽ സ്വർഗാരോഹണം വരെയുള്ള ശില്പങ്ങൾ ഇവിടെ കാണാം.
കൂടാതെ ചില ഭാഗങ്ങളിൽ ഭാഗവത സന്ദർഭങ്ങളും ഇവിടെ കോറിയിട്ടിട്ടുണ്ട്. ബാലിയുടെയും സുഗ്രീവന്റെയും രാജധാനിയായ കിഷ്കിന്ധയാണ് ഹംപിയെന്ന വിശ്വാസമുണ്ട്. ഹസാരെ രാമക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത ഗ്രാനൈറ്റിൽ തീർത്ത ശില്പങ്ങളാണ് ഇവിടെയുള്ളത് എന്നതാണ്. ഹംപി ഭരിച്ചിരുന്ന ഭരണാധികാരികളുടെ രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്.
പുരാതന ബിസിനസ് ഹബ്ബ്
പലഭാഗങ്ങളിലായി കാണുന്ന ചരിത്രം കോറിയിട്ട കല്ലുകളിലൂടെ വെറുതെയൊന്ന് കണ്ണോടിച്ചാൽ ഹംപിയുടെ പൂർണ ദൃശ്യം നമ്മൾക്ക് ദൃശ്യമാകും. ഒരു കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രമായിരുന്നു ഹംപി. വലിപ്പത്തിൽ പാരീസിന്റെ മൂന്ന് ഇരട്ടിയുണ്ടായിരുന്നു. പ്രതാപകാലത്ത് രണ്ടുകോടി സൈന്യങ്ങൾ അംഗബലമായി ഉണ്ടായിരുന്നു ഹംപിയിൽ.
യൂറോപ്പിൽ നിന്നും പോർച്ചുഗീസിൽ നിന്നും കച്ചവടത്തിനായി വ്യാപാരികൾ എത്തിയിരുന്നു. 1556ൽ സുൽത്താൻമാരുടെ ആക്രമണത്തിൽ തകരുന്നത് വരെ വ്യാപാരപരമായും സൈനിക ബലത്തിലും സന്പത്തിലും ഹംപി മുന്നിലായിരുന്നു. പൂർവകാലത്ത് ഉണ്ടായിരുന്ന ക്ഷേത്രങ്ങളുടെയും ശില്പങ്ങളുടെയും കൊട്ടാരങ്ങളുടെയും പത്തു ശതമാനം മാത്രമാണ് ഇപ്പോൾ ഇവിടെ അവശേഷിക്കുന്നുള്ളുവെന്ന് അറിയുമ്പോഴാണ് പണ്ടത്തെ വ്യാപ്തിയും പ്രൗഢിയും വിവരണാതീതമാകുന്നത്.
വിജയനഗര സാമ്രാജ്യത്തിന്റെ ഒരു വ്യാപാര താവളമായിരുന്ന പാൻസൂപ്പാരി ബസാറിന്റെ അവശേഷിപ്പുകൾ ഹസാരെ രാമക്ഷേത്രത്തിനു സമീപം നമുക്ക് കാണാം. തകർന്നു കിടക്കുന്ന ചുവരുകളും തൂണുകളും അവശിഷ്ടങ്ങളും മാത്രമേ ഇവിടെ ഇപ്പോൾ കാണാൻ കഴിയു.
സുപ്പാരി ബസാറിൽ നിന്നും കുറച്ച് മുന്നോട്ട് നടന്നാൽ രാജ്ഞിയുടെ കൊട്ടാരത്തിലെത്താം. കൃഷ്ണദേവരായരുടെ പത്നിയായിരുന്ന ചിന്നാ ദേവിയുടെയാണ് ഈ കൊട്ടാരം. രാജ്ഞിക്ക് നീരാട്ടിനായി തീർത്ത ജലമഹൽ എന്ന കൃത്രിമ കുളവും കൊട്ടാരത്തിനടുത്തായി സ്ഥിതിചെയ്യുന്നുണ്ട്. ജലമഹലിൽ നിന്ന് അല്പം നടന്നാൽ നമ്മൾക്ക് ലോട്ടസ് മഹലിലെത്തും. ചുണ്ണാന്പ്, വെല്ലം, കോഴിമുട്ട, മണ്ണ് എന്നിവ കൊണ്ട് നിർമിച്ച ലോട്ടസ് മഹൽ പുരാതന വാസ്തുവിദ്യയുടെ വിസ്മയ കാഴ്ചയാണ്.
ഹംപിയിലെ ഗ്രാമ കാഴ്ചകൾ
വർണാഭമായൊരു രാജവാഴ്ചയുടെ അവശേഷിപ്പുകളാണ് ഹംപിയിൽ എവിടെ നോക്കിയാലും കാണാൻ കഴിയുക. എന്നാൽ, ഇവിടെ താമസിക്കുന്നവരിൽ പലർക്കും അവർ താമസിക്കുന്ന സ്ഥലത്തെ ചരിത്ര പ്രാധാന്യത്തെ കുറിച്ച് വലിയ അറിവുകളില്ല.
കൃഷിയും ആടുവളർത്തലും കന്നുകാലി പരിപാലനവുമൊക്കെയാണ് ഇവിടത്തുകാരുടെ പ്രധാന ഉപജീവനമാർഗം. സഞ്ചാരമാകട്ടെ കാളവണ്ടിയിലും അലങ്കരിച്ച ട്രാക്ടറിലുമൊക്കെയാണ്. മതിലുകൾ കെട്ടാതെ പരസ്പര സ്നേഹത്തോടെയും ഐക്യത്തോടെയുമാണ് ഇവരുടെ ജീവിതം.
വൈകുന്നേരങ്ങളിൽ ഒരുമിച്ച് ഇരുന്ന് സൊറ പറയും. കളികൾ കളിക്കും. ഭക്ഷണമുണ്ടാക്കി കഴിക്കും. ഇങ്ങനെ ഇങ്ങനെ പകയും വിദ്വേഷവും ഒന്നും ഇല്ലാതെ ജീവിക്കുന്ന ഒരുകൂട്ടം ജനത. ചിത്രങ്ങളിൽ മാത്രം കണ്ടിട്ടുള്ള ഒരു ഗ്രാമത്തിന്റെ നേർചിത്രമാണ് ഹംപി വരച്ചു കാട്ടുന്നത്.