കോഴിക്കോട്: കേരള ബാങ്ക് റിട്ട.സീനിയര്‍ മനേജരും അമേച്വര്‍ റേഡിയോ ഓപ്പറേറ്ററുമായ കോഴിക്കോട് കണ്ണഞ്ചേരി സ്വദേശി സനില്‍ ദീപ് ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിലേക്ക്. ഷോട്ട് വേവ് റേഡിയോ കേള്‍ക്കുന്നവര്‍ക്കായി കഴിഞ്ഞ മുപ്പത് വര്‍ഷമായി തന്റെ ഹാം റേഡിയോയിലുടെ നടത്തുന്ന ബിസിഡിഎക്സ് നെറ്റ് എന്ന പ്രക്ഷേപണമാണ് വേള്‍ഡ് റെക്കോര്‍ഡിലേക്ക് ഇദ്ദേഹത്തിന് ഇടം നേടികൊടുത്തത്.
1988 മുതല്‍ 2019 വരെയുള്ള വിലമതിക്കാനാവാത്ത സേവനം പരിഗണിച്ചാണിതെന്ന് അധികൃതര്‍ അറിയിച്ചു. ലോകമെമ്പാടും റേഡിയോ സ്റ്റേഷന്റെ ഫ്രീക്വന്‍സി, സമയം, ഭാഷ, എന്നിവ എല്ലാ ഞായറാഴ്ചയും സ്വന്തം ഹോം റേഡിയോവിലൂടെ ഇദ്ദേഹം പ്രക്ഷേപണം നടത്തിവരികയാണ്.
31ാം വയസ്സില്‍ അമേച്വര്‍ റേഡിയോ ലൈസന്‍സ് കരസ്ഥമാക്കിയ സനില്‍ ദീപിന് ഇത്തരം പ്രവര്‍ത്തനം പുതുമയല്ല. 29 വര്‍ഷത്തിനിടെ ഇരുന്നൂറോളം രാജ്യങ്ങളുമായി ഹാം റേഡിയോ വഴി ബന്ധം സ്ഥാപിക്കുകയും “അമേരിക്കന്‍ റേഡിയോ റിലേ ലീഗ് (എആര്ആര്എല്) ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡ് മുന്നുതവണ കരസ്ഥമാക്കുകയും ചെയ്തിട്ടുള്ള സനില്‍ ദീപ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, എഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്, വേള്‍ഡ് റിക്കോര്‍ഡ് ഇന്ത്യ എന്നീ റെക്കോര്‍ഡ് ബുക്കുകളില്‍ ഇടം നേടിയിരുന്നു.
കഴിഞ്ഞ 30 വര്‍ഷമായി സജീവമായി രംഗത്തുള്ള അമേച്വര്‍ റേഡിയോ ഓപ്പറേറ്ററാണ് സനില്‍ ദീപ്. ഹാം റേഡിയോ എന്ന പേരില്‍ അറിയപ്പെടുന്ന വയര്‍ലെസ്സ് കമ്മ്യൂണിക്കേഷന്‍ പ്രവര്‍ത്തനം വാണിജ്യാവശ്യത്തിനല്ലാതെ, റേഡിയോ ടെക്നോളജി ഒരു ഹോബിയായി സ്വീകരിച്ചിട്ടുള്ള രാജ്യത്തെ ചുരുക്കം ചില ആളുകളില്‍ മുന്‍നിരയിലാണ് സനില്‍ ദീപ്. അമേച്വര്‍ റേഡിയോ ഓപ്പറേറ്റര്‍ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്.
അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന് (ഐടിയു) ആണ് അമേച്വര്‍ റേഡിയോ സര്‍വീസ് ആഗോളതലത്തില്‍ സാധ്യമാക്കുന്നത്.പ്രത്യേക റേഡിയോ ഫ്രീക്വന്‍സി സ്പെക്ട്രം ഉപയോഗിച്ചാണ് ഇവര്‍ ആശയവിനിമയം നടത്തുന്നത്.ഇന്ത്യയില്‍ ഗുജറാത്ത് ഭൂകമ്പവേളയിലും, ഭോപ്പാല്‍ ദുരന്തമുണ്ടായപ്പോഴുമൊക്കെ വിലമതിക്കാനാവാത്ത സേവനം നല്കിയവരാണ് സനില്‍ ദീപ് ള്‍പ്പെടെയുള്ളവര്‍ .