ന്യുയോർക്ക്: ഒസാമ ബിൻ ലാദന്റെ വധത്തിൽ അമേരിക്കയ്ക്കെതിരേ ഒസാമയുടെ മകൻ പ്രതികാരത്തിന് ഒരുങ്ങുന്നതായി മുന്നറിയിപ്പ്. എഫ്ബിഐ മുൻ ഉദ്യോഗസ്ഥൻ അലി സൗഫാന്േറതാണ് ഈ വെളിപ്പെടുത്തൽ. പ്രതികാരത്തിനു മുന്നോടിയായി ഒസാമയുടെ മകൻ ഹംസ അൽക്വയ്ദ ഭീകര സംഘടനയുടെ നേതാവാകുമെന്നും അലിയുടെ മുന്നറിയിപ്പിലുണ്ട്.
ബിൻ ലാദനെ വധിച്ച അബോട്ടാബാദിലെ വീട്ടിൽനിന്നു ലഭിച്ച കത്തുകളിൽനിന്നാണ് ഇതു സംബന്ധിച്ചു സൂചന ലഭിച്ചത്. ഇപ്പോൾ 28 വയസുള്ള ഹംസയ്ക്ക്, സമാന ആശയങ്ങൾ പിന്തുടരുന്നവരെ ഏകോപിപ്പിച്ച് ഭീകരപ്രവർത്തനം നടത്താൻ കഴിയുമെന്നാണ് അലി സൗഫാന്റെ മുന്നറിയിപ്പ്. ഒസാമ തുടങ്ങിവച്ച ജിഹാദിന്റെ പാത താൻ പിന്തുടരുമെന്ന് ഹംസ എഴുതിയിരുന്നതായും അലി പറയുന്നു. 9/11 ഭീകരാക്രമണത്തിനുശേഷം ബിൻ ലാദനായുള്ള അന്വേഷണസംഘത്തിന്റെ തലവനായിരുന്നു അലി സൗഫാൻ.
പിതാവിനോളം അപകടകാരിയായ ഭീകരവാദിയാണ് ഹംസയെന്നും ലാദന്റെ ഭീഷണിയെ നേരിട്ടതിനു സമാനമായാണ് യുഎസ് ഹംസയെയും കാണുന്നതെന്നും അലി സൗഫാൻ വ്യക്തമാക്കി.