എസ്.ആർ. സുധീർ കുമാർ
കൊല്ലം: ദീർഘദൂര യാത്രക്കാരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം. ഒടുവിൽ ഗാന്ധിധാം -തിരുനെൽവേലി ഹംസഫർ എക്സ്പ്രസിനും കൊല്ലം റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു.
ഇന്നലെ വൈകിയാണ് റെയിൽവേ ബോർഡിന്റെ ഉത്തരവ് ഇറങ്ങിയത്. ഇതോടെ സംസ്ഥാനത്ത് കൂടി കടന്നുപോകുന്ന എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പുള്ള ആറാമത്തെ സ്റ്റേഷനായി കൊല്ലം മാറി. തിരുവനന്തപുരം, കോട്ടയം, എറണാകുളം ജംഗ്ഷൻ, പാലക്കാട്, കോഴിക്കോട് എന്നിവയാണ് മറ്റ് നാല് സ്റ്റേഷനുകൾ.
ഹംസഫർ എക്സ്പ്രസ് പ്രതിവാര ട്രെയിനാണ്. 20 മുതലാണ് ഈ വണ്ടി കൊല്ലത്ത് നിർത്തുന്നത്.20293 നമ്പർ തിരുനെൽവേലി – ഗാന്ധിധാം ഹംസഫർ എക്സ്പ്രസ് 20 വ്യാഴം രാവിലെ 10.05 ന് കൊല്ലത്ത് എത്തി 10.08 ന് പുറപ്പെടും. മൂന്ന് മിനിറ്റാണ് സ്റ്റോപ്പ്.
20294 ഗാന്ധിധാം -തിരുനെൽവേലി എക്പ്രസ് രാത്രി 9.32 ന് കൊല്ലത്ത് എത്തി 9.35 ന് പുറപ്പെടുന്ന രീതിയിലാണ് ടൈംടേബിൾ ക്രമീകരിച്ചിട്ടുള്ളത്.
ഇതോടെ ജില്ലയിൽ നിന്ന് മംഗലാപുരം, മഡ്ഗാവ്, രത്നഗിരി, പനവേൽ, സൂറത്ത്, വഡോദര, അഹമ്മദാബാദ് എന്നിവിടങ്ങളിൽ പോകേണ്ടവർക്കും ഇവിടങ്ങളിൽ നിന്ന് തിരികെ വരുന്നവർക്കും ഈ വണ്ടി ഏറെ പ്രയോജനം ചെയ്യും.
നേരത്തേ തിരുവനന്തപുരം -ന്യൂഡൽഹി രാജധാനി എക്സ്പ്രസിന് കൊല്ലത്ത് സ്റ്റോപ്പ് ഇല്ലായിരുന്നു. എൻ. പീതാംബര കുറുപ്പ് എംപി ആയിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ശ്രമഫലമായാണ് പിന്നീട് രാജധാനിക്ക് സ്റ്റോപ്പ് അനുവദിച്ചത്.
അടുത്തിടെ തിരുവനന്തപുരം – കാസർഗോഡ് വന്ദേ ഭാരത് എക്സ്പ്രസിനും കൊല്ലത്ത് സ്റ്റോപ്പ് അനുവദിക്കുകയുണ്ടായി.ഇത് കൂടാതെ തിരുനെൽവേലി -പാലക്കാട് പാലരുവി എക്സ്പ്രസിന് കുണ്ടറയിലും കൊല്ലം – ചെന്നൈ എഗ്മോർ എക്സ്പ്രസിന് ആര്യങ്കാവിലും 18-മുതൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
കൊല്ലം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിനുള്ള നിർമാണ പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിൽ ഹംസഫർ എക്സ്പ്രസിന് ഇവിടെ സ്റ്റോപ്പ് അനുവദിച്ച നടപടി എന്തുകൊണ്ടും സ്വാഗതാർഹമാണ്.