ന്യൂയോർക്ക്: അൽക്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുഎസ് ഇൻറലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ കൊല്ലപ്പെട്ടതിന്റെ തിയതിയോ സ്ഥലമോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.
അൽക്വയ്ദ നേതാവായ ഹംസയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 7,08,00,000 രൂപ) അമേരിക്ക വാഗ്ദാനം ചെയ്തിരുന്നത്. പാക്-അഫ്ഗാൻ അതിർത്തിയിൽ ഹംസ ബിൻ ലാദൻ ഉണ്ടെന്നായിരുന്നു കണക്കുകൂട്ടൽ.
അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും എതിരായി ആക്രമണം നടത്താൻ ആഹ്വാനം ചെയ്ത് ഹംസ വീഡിയോ ഓഡിയോ ടേപ്പുകൾ പുറത്തുവിട്ടിരുന്നു. ബുധനാഴ്ച രാവിലെ ഹംസ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപോ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ് ബോൾട്ടനോ ഇതിനോടു പ്രതികരിച്ചിരുന്നില്ല.
2011-ൽ പാക്കിസ്ഥാനിലെ അബോട്ടാബാദിൽ യുഎസ് സേനയാണ് ലാദനെ വധിക്കുന്നത്. ഈ സമയം ഹംസ ഇറാനിൽ വീട്ടുതടങ്കലിൽ ആയിരുന്നെന്നാണു കരുതപ്പെടുന്നത്. ബിൽ ലാദന്റെ 20 മക്കളിൽ 15മാത്തെയാളാണ് ഹംസ.