സോഷ്യല്‍ മീഡിയയിലൂടെ തുടര്‍ച്ചയായി ഉണ്ടാവുന്ന അപവാദ പ്രചരണത്തിനെതിരെ പ്രതികരിച്ച് ഹനാന്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചെന്ന ആരോപണത്തെ തുടര്‍ന്നുള്ള പുതിയ അപവാദ പ്രചരണത്തിനെതിരെയാണ് ഹനാന്റെ പ്രതികരണം.
ആദ്യം പുകഴ്ത്തി, പിന്നെ കളിയാക്കി, ഇപ്പോള്‍ രാജ്യദ്രോഹിയാക്കുകയാണോ എന്നും ഇങ്ങനെ പിന്നാലെ നടന്ന് ദ്രോഹിക്കാന്‍ മാത്രം എന്ത് ദ്രോഹമാണ് താന്‍ ചെയ്തതെന്നും ഹനാന് ചോദിച്ചു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടായിരുന്ന ഹനാന്റെ ചോദ്യം.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി ഹനാന് ഹനാനി എന്ന ഒരു പേജില്‍ വന്ന പോസ്റ്റുകള്‍ ഉയര്‍ത്തിയാണ് ഹനാനെതിരെ പുതിയ ആരോപണവുമായി ചിലര്‍ രംഗത്തെത്തിയത്.
‘നരേന്ദ്രമോദിക്ക് എന്ത് പണിയാണ് കൊടുക്കുക’ എന്ന തരത്തിലായിരുന്നു പോസ്റ്റ്. എന്നാല്‍ ഹനാന്റെ പേരില്‍ നിരവധി വ്യാജ പേജുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം പേജുകളില്‍ ഒന്നിലാണ് ഈ പോസ്റ്റുകള്‍ വന്നത്.
‘ഈ വിഷവിത്തിനെയാണോ കേരളം സ്നേഹിച്ചത്’ എന്ന അടിക്കുറിപ്പോടെ ഹനാനെതിരായ പോസ്റ്റുകളാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്നുത്. എന്നാല്‍ തനിക്ക് ഇത്തരത്തില്‍ ഒരു പേജില്ലെന്നും രാഷ്ട്രീയപരമായി ഒരു പോസ്റ്റുകളോ വാക്കുകളോ താന്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്നും ഹനാന് പറയുന്നു.
തനിക്കെതിരായ ഈ അപവാദ പ്രചരണത്തിനെതിരെ സൈബര്‍ പോലീസിനും സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കുമെന്നും ഹനാന് വ്യക്തമാക്കി.
ഇതിന് പിന്നാലെ തിങ്കളാഴ്ച രാവിലെ 6.30 ഓടുകൂടി ഹനാന് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ടു. കൊടുങ്ങല്ലൂരില്‍ വച്ചായിരുന്നു അപകടം. പരിക്കേറ്റ ഹനാനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. കോഴിക്കോട് വച്ചുനടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം.