കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ ആക്രമിക്കുകയാണെന്നും മലയാള ഭാഷയെ വ്യഭിചരിക്കുന്ന രീതിയിലാണ് സൈബർ ആക്രമണമെന്നും വനിത കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. ഇങ്ങനെയാണോ സമൂഹം സ്ത്രീകളോട് പെരുമാറേണ്ടതെന്നും അവർ ചോദിച്ചു. സൈബർ ആക്രമണത്തിന് ഇരയായ കോളജ് വിദ്യാർഥിനി ഹനാനെ സന്ദർശിച്ചശേഷമായിരുന്നു വനിത കമ്മീഷന്റെ പ്രതികരണം.
സ്ത്രീകളോടുള്ള സമൂഹത്തിന്റെ സമീപനത്തിൽ മാറ്റം വരണം. സ്ത്രീസമൂഹത്തിന് നേരെ സൈബർ ലോകത്ത് എന്താണ് സംഭവിക്കുന്നതെന്നും അവർ ചോദിച്ചു. ജനാധിപത്യ രാജ്യത്ത് വിമർശിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. എന്നാൽ അതിന് അതിന്റേതായ അന്തസും മാന്യതയും ഉണ്ടാകണമെന്നും അവർ പറഞ്ഞു.
എന്ത് മാനസിക ബുദ്ധിമുട്ടുകളുണ്ടായാലും ഹനാനൊപ്പം നില്ക്കും. ഹനാനടക്കം ഒരു സ്ത്രീകളും മോശക്കാരല്ല. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു.
നോവല്‍ എഴുതിയ ഹരീഷിന്റെ കുടുംബത്തെ സമൂഹമാധ്യമങ്ങളിലൂടെ ആക്രമിച്ചു. അന്തസില്ലാത്ത രീതിയിലാണ് സ്ത്രീകള്‍ക്കെതിരെ പ്രതികരിക്കുന്നത്. ഇതിന് ഉത്തരവാദികള്‍ സമൂഹമാണ്. നടി ആക്രമിക്കപ്പെട്ട സംഭവം മുതല്‍ വനിത കമ്മീഷന് നേരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്നും ഇത് സ്ത്രീസമൂഹത്തിനെതിരായ ആക്രമണമാണെന്നും ജോസഫൈൻ പറഞ്ഞു.