ഹനാനെതിരേ നടന്നത് സംഘടിത ആക്രമണം തന്നെ, നൂറുദീന്‍ ഷെയ്ഖ് എന്നയാള്‍ 24 മണിക്കൂറിനിടെ ലൈവിലെത്തി അധിക്ഷേപിച്ചത് 9 തവണ, വാളെടുത്തത് ഗള്‍ഫ് കേന്ദ്രീകരിച്ച്, സംഭവത്തില്‍ പോലീസ് കര്‍ശന നടപടിക്ക്

പാലാരിവട്ടം തമ്മനത്ത് മീന്‍വില്പന നടത്തി കുടുംബം നോക്കുന്ന ഹനാനെതിരേ വ്യാജ ആരോപണങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചത് നൂറുദീന്‍ ഷെയ്ഖ് എന്നയാള്‍. ഹനാനെ വ്യക്തിപരമായി ആക്ഷേപിച്ച് 9 തവണയാണ് ഇയാള്‍ ഫേസ്ബുക്ക് ലൈവില്‍ വന്നത്. അതും വെറും 24 മണിക്കൂറിനിടെ. ഇയാളുടെ പ്രചരണം ഗള്‍ഫ് കേന്ദ്രീകരിച്ച് ചില കേന്ദ്രങ്ങള്‍ പല ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്യുകയും ചെയ്തു.

ഹനാനെതിരായ ആക്രമണത്തില്‍ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തില്‍ ശക്തമായ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന സൂചനയാണ് പോലീസിന് ലഭിക്കുന്നത്. വയനാട് സ്വദേശിയും കൊച്ചിയില്‍ താമസക്കാരനുമായ നൂറുദ്ദീന്‍ ഷെയ്ഖ് മാപ്പ് പറഞ്ഞെങ്കിലും പോലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നൂറുദീന്‍ കുടുങ്ങുമെന്നുറപ്പാണ്. മതവിശ്വാസത്തെ ഹനാന്‍ അപമാനിച്ചെന്ന തരത്തിലുള്ള പ്രചരണവും സോഷ്യല്‍മീഡിയയില്‍ പരന്നിരുന്നു.

താനൊരു മുസ്‌ലീം ലീഗ് പ്രവര്‍ത്തകനാണെന്നും ഇയാള്‍ വിഡിയോയില്‍ അവകാശപ്പെടുന്നു. ഹനാനെ നേരിട്ട് വിളിച്ച് മാപ്പുപറയാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും ഇയാള്‍ പറയുന്നു. ഹനാനെതിരെ അധിക്ഷേപം ഉന്നയിച്ചപ്പോള്‍ അവള്‍ നേരിടേണ്ടിവന്ന അധിക്ഷേപങ്ങള്‍ ഇപ്പോള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ നടക്കുകയാണെന്നും മാന്യമായ കമന്റുകള്‍ ഇടണമെന്നും ഇയാള്‍ സോഷ്യല്‍ ലോകത്തോട് അഭ്യര്‍ഥിക്കുന്നു.

അതേസമയം, ഹനാന്‍ ഒരുമാസത്തിലേറെയായി മത്സ്യവില്‍പ്പന നടത്തിയിരുന്നതായി വെളിപ്പെടുത്തല്‍. കളമശ്ശേരി തോഷിബ ജങ്ഷനിലെ പൈപ്പ്ലൈന്‍ റോഡില്‍ ഹനാന്‍ ഒരുമാസത്തോളം കച്ചവടം നടത്തിയിരുന്നെന്ന് തൊട്ടടുത്ത് ബജിയും മറ്റും വിറ്റിരുന്ന രാഹുല്‍ പറയുന്നു. ഇക്കാര്യം ഇവിടുത്തെ ഓട്ടോക്കാരും യൂണിയന്‍കാരുമെല്ലാം സ്ഥിരീകരിക്കുന്നുണ്ട്.

കളമശ്ശേരിയില്‍ ബാബു, ഫിറോസ് എന്നിവരോടൊപ്പമാണ് ഹനാന്‍ പങ്കുകച്ചവടം നടത്തിയിരുന്നത്. മുമ്പേ കച്ചവടം നടത്തിയിരുന്ന ഇവര്‍ക്ക് പണം നല്‍കി ലാഭവിഹിതം എടുക്കുകയായിരുന്നു. പലപ്പോഴും കോളേജ് വിട്ട ശേഷം കടയിലും എത്താറുണ്ടായിരുന്നു. ഒരുമാസത്തോളം മാത്രമേ ഈ കട പ്രവര്‍ത്തിച്ചിരുന്നുള്ളു. ലൈസന്‍സില്ലെന്ന കാരണത്താല്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കളമശ്ശേരി മുനിസിപ്പാലിറ്റി ഈ കട അടപ്പിച്ചിരുന്നു.

Related posts