അടിച്ചുപൊളിയും ഫോണില്കളിയും ചാറ്റിംഗും ചീറ്റിംഗുമൊക്കെയായി നടക്കുന്നവര്‍ എന്നാണ് പൊതുവേ യുവതലമുറയെക്കുറിച്ച്, ഇന്നത്തെ യുവതീയുവാക്കളെക്കുറിച്ച് പറയാറ്. എന്നാല്‍ ഇതിനെല്ലാം എതിര് നില്ക്കുന്ന ഉദാഹരണമായിരിക്കുകയാണ് തൃശൂര്‍ സ്വദേശിനിയായ ഒരു പെണ്‍കുട്ടിയുടെ ജീവിതവും പ്രവര്‍ത്തികളും.
പാലാരിവട്ടം തമ്മനം ജംഗ്ഷനില്‍ വൈകുന്നേരങ്ങളില്‍ കോളജ് യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന പെണ്‍കുട്ടിയുടെ കാര്യമാണ് പറയുന്നത്. പേര് ഹനാന്. തൃശ്ശൂര്‍ സ്വദേശിനി. പുലര്‍ച്ചെ മൂന്നുമണിക്ക് എഴുന്നേല്ക്കുന്ന ഹനാന് ഒരു മണിക്കൂര്‍ പഠിക്കും. പിന്നീട് ഒട്ടും സമയം കളയാതെ എഴുന്നേറ്റ് സൈക്കിളുമെടുത്തിറങ്ങും. കിലോമീറ്ററുകള്‍ സൈക്കിള്‍ ചവിട്ടി ചമ്പക്കര മീന്‍ മാര്‍ക്കറ്റിലേക്ക്. അവിടെനിന്ന് മീനും സൈക്കിളും ഓട്ടോയില്‍ കയറ്റി തമ്മനത്തേക്ക്. മീന്‍ അവിടെ ഇറക്കിവെച്ച് താമസസ്ഥലത്തേക്ക് മടങ്ങും.
മാടവനയിലെ വാടകവീട്ടില്‍ മടങ്ങിയെത്തിയാല്‍ കുളിച്ചൊരുങ്ങി 7.10-ന് 60 കിലോമീറ്ററോളം അകലെയുള്ള തൊടുപുഴയിലെ അല്‍ അസര്‍ കോളജിലേക്ക്. മൂന്നാം വര്‍ഷ രസതന്ത്ര വിദ്യാര്‍ത്ഥിനിയാണ് അവള്.
വൈകിട്ട് മൂന്നരയ്ക്ക് കോളജ് വിട്ടാല്‍ ഓട്ടമാണ് തമ്മനത്തേക്ക്. രാവിലെ എടുത്തുവെച്ച മീന്‍പെട്ടിയെടുത്ത് കച്ചവടം തുടങ്ങും. 20 കിലോഗ്രാം മീന്‍ അരമണിക്കൂറില്‍ തീരും. യുവത്വത്തിന്റെ നെറുകയില്‍ നില്ക്കുന്ന ഈ പെണ്‍കുട്ടി ഈ ഓട്ടം ഓടണമെങ്കില്‍ എന്തെങ്കിലും കാര്യമുണ്ടാകുമല്ലോ. ഉണ്ട്. അതിങ്ങനെ…
സാമ്പത്തിക പരാധീനതയാല്‍ പ്ലസ്ടു പഠനം മുടങ്ങി. ഡോക്ടറാവണമെന്നായിരുന്നു അന്ന് സ്വപ്നം. അവിടെനിന്ന് പോരാട്ടം തുടങ്ങി. എറണാകുളത്തെത്തി കോള്‍ സെന്ററിലും ഓഫീസിലും ഒരു വര്‍ഷം ജോലിചെയ്തു. കോളജ് പഠനത്തിന് അങ്ങനെ പണം കണ്ടെത്തി. ഇതിനിടെ, ചെവിക്ക് ചെറിയ തകരാറുണ്ടായി. ശസ്ത്രക്രിയ വേണ്ടിവന്നു. കോളജ് അധികൃതരുടെ ആശുപത്രിയായതിനാല്‍ ചികിത്സയ്ക്ക് പണം വേണ്ടിവന്നില്ല.
ഇതിനിടെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. അമ്മ മാനസികമായി തകര്‍ന്നു. സഹോദരന് പ്ലസ് ടുവിന് പഠിക്കുന്നു. 10 മുതല്‍ പ്ലസ് ടു വരെയുള്ള കാലം വീടുകള്‍തോറും കയറിയിറങ്ങി ട്യൂഷന് എടുത്തും മുത്തുമാല കോര്‍ത്തു വിറ്റുമാണ് ഹനാന് പഠനത്തിന് പണം കണ്ടെത്തിയത്. പിന്നീടാണ് എറണാകുളത്തേക്കു വന്നത്.
ഒരു മാസത്തോളം മീന്‍വില്‍പ്പനയ്ക്ക് രണ്ടുപേര്‍ സഹായിച്ചിരുന്നു. സഹോദരനെപ്പോലെ കണ്ട ഒരാളുടെ പെരുമാറ്റം തളര്‍ത്തിയപ്പോള്‍ കച്ചവടം ഒറ്റയ്ക്കായി. ഹനാന് നല്ലൊരു അവതാരകയും ഡബ്ബിങ് ആര്‍ട്ടിസ്റ്റും കവയിത്രിയുമാണ്. കളരിയും വഴങ്ങും. കഴിവ് തിരിച്ചറിഞ്ഞ കലാഭവന്‍ മണി പല പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു.
കോളജ് ഫീസും വീട്ടുവാടകയും തൃശ്ശൂരില്‍ കഴിയുന്ന അമ്മയുടെ ആവശ്യങ്ങള്‍ക്കുള്ള ചെലവുമെല്ലാമാകുമ്പോള്‍ നല്ല തുകയാകും. എങ്കിലും തോറ്റ് പിന്മാറാന് ഹനാന് തയാറല്ല. വിധി നല്കിയ തിരിച്ചടികളെ ഒന്നൊന്നായി പടവെട്ടി തോല്‍പ്പിച്ച് മുന്നോട്ടു തന്നെ. ആരുടെയും സഹായത്തിനോ ഔദാര്യത്തിനോ കാത്തുനിന്ന് സമയം പാഴാക്കാതെ. നിസാര കാര്യങ്ങളില്‍ അടിപതറുന്നവര്ക്ക് മാതൃകയാക്കാം ഹനാനെയും അവളുടെ ധീരതയെയും.