മീന്‍ എടുക്കാന്‍ വേണ്ടി ഈ പെണ്‍കുട്ടി ചമ്പക്കര മത്സ്യ മാര്‍ക്കറ്റില്‍ വരാറുണ്ട്, കണ്ടവരും ഉണ്ട്! ഹനാന് പൂര്‍ണ പിന്തുണയുമായി നടന്‍ മണികണ്ഠന്‍ ആചാരിയും

തമ്മനം മാര്‍ക്കറ്റില്‍ മീന്‍ കച്ചവടം നടത്തി വീടു നോക്കുകയും പഠിക്കുകയും ചെയ്യുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയാണ് ഏതാനും മണിക്കൂറുകളായി മലയാളികളുടെയിടയില്‍ ചര്‍ച്ചാ വിഷയം. ഒരു മാധ്യമത്തിലൂടെ ഹനാന്റെ വാര്‍ത്ത പുറത്തു വന്നപ്പോള്‍ അഭിനന്ദനം കൊണ്ട് മൂടിയവര്‍ തന്നെ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ അവളെ കള്ളി എന്ന് വിളിച്ച് അധിക്ഷേപിക്കുന്ന കാഴ്ചയാണ് കാണാനായത്.

ഹനാന്‍ പറഞ്ഞത് മുഴുവന്‍ കള്ളമായിരുന്നെന്നും സിനിമയ്ക്കുവേണ്ടിയുള്ള പ്രമോഷനുവേണ്ടിയാണ് ഈ നാടകം കളിച്ചതെന്നുമായിരുന്നു വിമര്‍ശിക്കുന്നവരുടെ വാദം. എന്നാല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടായപ്പോള്‍ മനസിലായത്, ഹനാന്‍ പറഞ്ഞതിലും പരിതാപകരമായിരുന്നു അവളുടെ ജീവിതം എന്നു തന്നെയാണ്. അവളെ അറിയാവുന്നവര്‍ പലരും വിശദീകരണങ്ങളുമായി രംഗത്തെത്തുകയുമാണ്.

ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാകുമ്പോള്‍, ഇപ്പോഴിതാ വിഷയത്തില്‍ വിശദീകരണം നല്‍കിയും ഹനാന് പിന്തുണ പ്രഖ്യാപിച്ചും നടന്‍ മണികണ്ഠന്‍ രംഗത്തുവന്നിരിക്കുന്നു. ഫേസ്ബുക്കിലൂടെ മണികണ്ഠന്‍ പറയുന്നതിങ്ങനെ…

‘സ്വന്തം അധ്വാനത്തിലൂടെ ജീവിക്കാനും പഠിക്കാനും ശ്രമിക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ മനസ്സിനെ ഞാന്‍ അംഗീകരിക്കുന്നു. എന്റെ ജീവിതം തുടങ്ങിയ ചമ്പക്കര മത്സ്യ മാര്‍ക്കറ്റില്‍ ഞാന്‍ എന്റെ കൂട്ടുകാരോട് അനേഷിച്ചപ്പോള്‍ സംഭവം സത്യം ആണ്.’

‘കഴിഞ്ഞ 3 ദിവസം ആയി മീന്‍ എടുക്കാന്‍ വേണ്ടി ഈ പെണ്‍കുട്ടി ചമ്പക്കര മത്സ്യ മാര്‍ക്കറ്റില്‍ വരാറുണ്ട്, കണ്ടവരും ഉണ്ട് . പിന്നെ അരുണ്‍ ഗോപി – പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന് ഇത്തരം ഒരു പ്രൊമോഷന്റെ ആവശ്യം ഉണ്ടെന്നു മലയാളികള്‍ ആരും വിശ്വസിക്കും എന്ന് എനിക്ക് തോന്നുന്നില്ല. ഹനാന്‍ എന്ന പെണ്‍കുട്ടിക്ക് എന്റെ എല്ലാവിധ ആശംസകളും.’മണികണ്ഠന്‍ പറഞ്ഞു.

Related posts