തിരുവനന്തപുരം: കോളജ് വിദ്യാർഥിനി ഹനാനെതിരെ സമൂഹമാധ്യമങ്ങളില്‍ അവഹേളനപരമായ പ്രചരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുസംബന്ധിച്ച നിർദേശം പോലീസിനു നൽകി. ഹനാന് ആവശ്യമായ സംരക്ഷണം നല്കാന് എറണാകുളം ജില്ലാ കളക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്.
തമ്മനത്തു യൂണിഫോമിൽ മീൻ വിൽക്കുന്ന ഹനാനെക്കുറിച്ച് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തതോടെയാണു ഹനാൻ ശ്രദ്ധാകേന്ദ്രമായത്. തൊടുപുഴ അൽ അസർ കോളജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയായ ഈ തൃശൂർ സ്വദേശിനി പഠിക്കാനും കുടുംബത്തെ പോറ്റാനുമുള്ള വക തേടിയാണു മീൻ കച്ചവടം നടത്തിയിരുന്നത്.
വാർത്തയ്ക്കു പിന്നാലെ തന്റെ അടുത്ത സിനിമയിൽ ഹനാന് അവസരം നൽകുമെന്നു സംവിധായകൻ അരുണ്‍ ഗോപിയുടെ വാഗ്ദാനവുമുണ്ടായി. ഇതിനു പിന്നാലെയാണു സിനിമയുടെ പ്രമോഷനു വേണ്ടിയാണു മീൻ വിൽപനയെന്ന ആക്ഷേപം ഉയർന്നത്.