തിരുവനന്തപുരം: വിദ്യാഭ്യാസത്തിനും ഉപജീവനത്തിനുമായി കൊച്ചി തമ്മനത്ത് മീൻ വിറ്റതിനെ തുടർന്നു സൈബർ ആക്രമണത്തിന് ഇരയായ കോളജ് വിദ്യാർഥിനി ഹനാൻ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. സർക്കാർ നൽകിയ സഹായങ്ങൾക്ക് നന്ദി പറയാനാണ് ഹനാൻ മുഖ്യമന്ത്രിയെ കണ്ടത്. തിരുവനന്തപുരത്തായിരുന്നു കൂടിക്കാഴ്ച.
താൻ സർക്കാരിന്റെ മകളാണെന്നും തനിക്ക് വേണ്ട എല്ലാ സംരക്ഷണവും സഹായവും സർക്കാർ നൽകുമെന്നും ഹനാൻ കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞു. നല്ല ആത്മവിശ്വസമുണ്ടെന്നും ഒരാൾക്കു പോലും തന്നെ കൈവയ്ക്കാനാകില്ലെന്നും ഹനാൻ കൂട്ടിച്ചേർത്തു.
സർക്കാരിന്റെ എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന് കുട്ടിക്ക് ഉറപ്പു നൽകിയതായി മുഖ്യമന്ത്രിയും പ്രതികരിച്ചു. ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ടെന്നും നല്ല ധൈര്യത്തോടെ തന്നെ മുന്നോട്ടു പോകാൻ ഹനാനോട് പറഞ്ഞതായും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.