”മീന്‍ കച്ചവടം വ്യാജം, സിനിമയ്ക്കുവേണ്ടി ഒരുക്കിയ തിരക്കഥ, ദിവസങ്ങള്‍ക്കു മുമ്പു മാത്രം കച്ചവടത്തിനെത്തിയ ഇവള് എങ്ങനെ താരമായെന്നു ചിന്തിച്ചാല്‍ മനസിലാകും തട്ടിപ്പ്”. എറണാകുളം പാലാരിവട്ടം തമ്മനം ജംഗ്ഷനില്‍ വൈകുന്നേരങ്ങളില്‍ കോളജ് യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഹനാന്റെ ജീവിതം സംബന്ധിച്ച വാര്‍ത്തകള്‍ക്കു പ്രതികൂലമായി സാമൂഹിക മാധ്യമങ്ങളായ വാട്സ് ആപ്പിലും ഫേസ്ബുക്കിലും പ്രത്യക്ഷപ്പെട്ട കമന്റുകളില്‍ ഒന്നാണിത്.
ഹനാന്റെ ജീവിതത്തിന് അനുകൂലമായി പ്രചരിച്ച വാര്‍ത്തകളെ ഇല്ലായ്മ ചെയ്യുന്ന തരത്തിലുള്ളതായിരുന്നു രാത്രിയോടെ പരന്ന ഇത്തരം ചില വാര്‍ത്തകള്‍. ഇത് പൂര്‍ണമായും തള്ളിക്കളഞ്ഞ ഹനാന് തന്റെ ജീവിതം ബാക്കിയുണ്ടെങ്കില്‍ തമ്മനത്തു തന്നെയുണ്ടാകുമെന്നു രാഷ്ട്രദീപികയോട് വ്യക്തമാക്കി.
കടുത്ത പുറം, ചെവി വേദനയെത്തുടര്‍ന്നു ഇന്നലെ രാത്രിയോടെ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് ഇവര്‍. പഠിക്കുന്ന കോളജിന്റെ കീഴിലുള്ള ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. തനിക്കുനേരേ സമൂഹ മാധ്യമങ്ങളിലൂടെ പരക്കുന്ന വാര്‍ത്തകള്‍ എങ്ങനെയുണ്ടായെന്ന് അറിയില്ലെന്നും ഹനാന് പറയുന്നു. ഇന്നു രാവിലെ താന്‍ മീന്‍ എടുക്കാന്‍ പോയില്ലെന്നതു സത്യമാണ്.
ആശുപത്രിയിലായതിനാല്‍ മീന്‍ എടുക്കാന്‍ ഒരു ഓട്ടോറിക്ഷാക്കാരനെ ഏല്‍പ്പിച്ചിട്ടുണ്ട്. വൈകിട്ട് അഞ്ചരയോടെ തമ്മനത്തെത്തി തനിക്ക് മീന്‍ വില്ക്കാന് സാധിക്കുമെന്നാണു കരുതുന്നത്. ഇന്നലെ രാത്രിയില്‍ കടുത്ത പുറംവേദനയും ചെവിക്ക് അസ്വസ്ഥതയും അനുഭവപ്പെട്ടതിനാലാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
ദിവസങ്ങള്‍ക്കുമുമ്പ് മാത്രമാണു തമ്മനത്തെത്തിയതെന്ന വാദം ശരിയാണ്. എന്നാല്‍, ഇതിനുമുമ്പേ കളമശേരിയില്‍ മീന്‍ കച്ചവടം നടത്തിയിരുന്നു. രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു കളമശേരിയിലെ കച്ചവടം. ചില കാരണങ്ങളാല്‍ ഇവരുമായി പിരിഞ്ഞ് ഒറ്റയ്ക്കു തമ്മനത്ത് കച്ചവടം ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കുടുംബത്തിന്റെ ഏക വരുമാനമാണു ഈ കച്ചവടം. എന്നാല്‍, തനിക്കും കുടുംബത്തിനുമെതിരേ ചിലര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തുന്നത് എന്തിനെന്ന് അറിയില്ലെന്നും ഹനാന് വ്യക്തമാക്കി.