തിരുവനന്തപുരം: കോളജ് യൂണിഫോമിൽ റോഡരികിൽ മീൻ വിറ്റ ഹനാനെതിരെ നടന്നത് സോഷ്യൽ മീഡിയാ ഗുണ്ടായിസമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. ഹനാൻ ചെറുത്തുനിൽപ്പിന്റെ പ്രതീകമാണ്. സമൂഹമാധ്യങ്ങളിൽ ഹനാനെ അപകീർത്തിപ്പെടുത്തിയവർക്കെതിരെ കേസെടുക്കുമെന്നും അവർ പറഞ്ഞു.
ശനിയാഴ്ച ഹനാനെ നേരിൽ കാണുമെന്നും ജോസഫൈൻ കൂട്ടിച്ചേർത്തു. തമ്മനത്തു യൂണിഫോമിൽ മീൻ വിൽക്കുന്ന ഹനാനെക്കുറിച്ച് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തതോടെയാണു ഹനാൻ ശ്രദ്ധാകേന്ദ്രമായത്. ഒട്ടേറെപ്പേർ സഹായവാഗ്ദാനവുമായി രംഗത്തുമെത്തി. തൊടുപുഴ അൽ അസർ കോളജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയായ ഈ തൃശൂർ സ്വദേശിനി പഠിക്കാനും കുടുംബത്തെ പോറ്റാനുമുള്ള വക തേടിയാണു മീൻ കച്ചവടമെന്നായിരുന്നു പറഞ്ഞിരുന്നത്.
വാർത്തയ്ക്കു പിന്നാലെ തന്റെ അടുത്ത സിനിമയിൽ ഹനാന് അവസരം നൽകുമെന്നു സംവിധായകൻ അരുണ്‍ ഗോപിയുടെ വാഗ്ദാനവുമുണ്ടായി. ഇതിനു പിന്നാലെയാണു സിനിമയുടെ പ്രമോഷനു വേണ്ടിയാണു മീൻ വിൽപനയെന്ന ആക്ഷേപം ഉയർന്നത്.
ഹനാനെതിരേ സമൂഹമാധ്യമങ്ങളിലൂടെ മോശം പ്രചാരണം നടത്തിയവരെ കേരള പോലീസിന്റെ സൈബർ സുരക്ഷാവിഭാഗം നിരീക്ഷിച്ചുവരികയാണ്.